'തുടര്‍ച്ചയായി അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍, കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണം'; ബോംബെ ഹൈക്കോടതിയില്‍ പരാതി
national news
'തുടര്‍ച്ചയായി അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍, കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണം'; ബോംബെ ഹൈക്കോടതിയില്‍ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2020, 10:20 pm

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി നിര്‍ത്തലാക്കുകയോ ഡീആക്ടിവേറ്റ് ആക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹരജി. തന്റെ ട്വീറ്റുകളിലൂടെ കങ്കണ തുടര്‍ച്ചയായി വിദ്വേഷം പടര്‍ത്തുകയും അനൈക്യമുണ്ടാക്കുകയും ചെയ്യുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി.

അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ റിട്ട് ഫയല്‍ ചെയ്തത്. സി.ആര്‍.പി.സി 482 വകുപ്പ് ചേര്‍ത്താണ് കേസ്.

തുടര്‍ച്ചയായി വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അതിനാല്‍ ടീം കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി നിര്‍ത്തലാക്കണമെന്നുമാണ് പരാതിക്കാരന്‍ ഹരജിയില്‍ പറഞ്ഞിരിക്കുന്നത്.

പരാതിക്കാരന്‍ ട്വിറ്ററിനെ എതിര്‍കക്ഷിയായും ചേര്‍ത്തിട്ടുണ്ട്.

ട്വിറ്ററിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി അധിക്ഷേപം നിറഞ്ഞ് ട്വീറ്റുകള്‍ നിരന്തരമായി ട്വീറ്റ് ചെയ്തിട്ടും കങ്കണയ്‌ക്കെതിരെ ഒരു നടപടിയും എടുക്കാത്തതിനാലാണ് ട്വിറ്ററിനെ കേസില്‍ കക്ഷി ചേര്‍ത്തതെന്ന് ദേശ്മുഖ് ഇന്ത്യടുഡേയോട് പറഞ്ഞു.

വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള ട്വിറ്ററിന്റെ നിയമങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.

കങ്കണയുടെ പി. ആര്‍ ടീമിന്റെ നിരവധി അധിക്ഷേപം നിറഞ്ഞ പോസ്റ്റുകളും ദേശ്മുഖ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

നേരത്തെ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിലും കങ്കണയ്‌ക്കെതിരായി ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പരാതിയില്‍ മുംബൈ പൊലീസിന്റെ അന്വേഷണം നടത്തിയില്ല.

മജിസ്‌ട്രേറ്റ് കോടതി ഒക്ടോബറില്‍ കേസിന്റെ വാദം കേള്‍ക്കവെ മുംബൈ പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച മറ്റൊരു അഭിഭാഷകന്റെ പരാതിയില്‍ കങ്കണ റണൗട്ടിനെതിരെ ലീഗല്‍ നോട്ടീസയച്ചിരുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബില്‍കിസ് ദാദിക്കെതിരെ അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ നടത്തിയതിന് പിന്നാലെയായിരുന്നു പഞ്ചാബ് സ്വദേശിയായ അഭിഭാഷകന്‍ കങ്കണയ്‌ക്കെതിരെ പരാതി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Petition in Bombay High court against Kangana Ranaut seeking permanently ban her Twitter account