പാട്‌ന: ആള്‍ക്കൂട്ട ആക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബീഹാര്‍ ഹൈക്കോടതിയില്‍ ഹരജി. രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് കത്തെന്നും ആരോപിച്ച് 49 പേര്‍ക്കെതിരെയാണ് ഹരജി സമര്‍പ്പിച്ചത്. സുധീര്‍ കുമാര്‍ ഓജ എന്നയാള്‍ ബീഹാര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്.
ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, അനുരാഗ്, കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരായിരുന്നു പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം ഇപ്പോള്‍ യുദ്ധത്തിനുള്ള മുറവിളിയായി മാറിയിരിക്കുകയാണെന്നും അതില്‍ വേദനയുണ്ടെന്നുമാണ് കത്തില്‍ ഇവര്‍ പറയുന്നത്.
കത്തഴെുതിയതിന് പിന്നാലെ അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കേണ്ടെങ്കില്‍ അടൂരിന് ചന്ദ്രനിലേയ്ക്ക് പോകാമെന്നും പറഞ്ഞ് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
‘ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും’- എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
‘മുസ്ലീങ്ങള്‍, ദളിതര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവര്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം. 2016ല്‍ ദളിതര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 840ലേറെ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും അതില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശതമാനത്തില്‍ വന്‍ ഇടിവുണ്ടെന്നുമുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ കണ്ട് ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.’
‘2009 ജനുവരി 1നും 2018 ഒക്ടോബര്‍ 29നും ഇടയില്‍ മതവുമായി ബന്ധപ്പെട്ട 254 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. അതില്‍ 91 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 579 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 63% കേസുകളിലും മുസ്ലീങ്ങളാണ് പ്രധാന ഇരകളെന്നാണ് ഹെയ്റ്റ് ക്രൈം വാച്ച് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ‘ തുടങ്ങിയ കാര്യങ്ങളാണ് കത്തില്‍ ചൂണ്ടികാട്ടുന്നത്.