ഇസ്‌ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന്റെ തലേന്ന് രാത്രി ഹോട്ടലില്‍ ഹുക്ക വലിച്ചിരുന്നെന്ന് കാണിച്ച് പാക് താരങ്ങളായ ഷോയ്ബ് മാലിക്, വഹാബ് റിയാസ്, ഇമാമുല്‍ ഹഖ്, നായകന്‍ സര്‍ഫറാസ് അഹമ്മദ് എന്നിവര്‍ക്കെതിരെ സിന്ധ് ഹൈക്കോടതിയില്‍ ഹരജി. അഭിഭാഷകനായ അബ്ദുല്‍ ജലീല്‍ മര്‍വതാണ് പരാതി നല്‍കിയിരിക്കുന്നത്. കളിക്കാര്‍ക്കൊപ്പമുണ്ടായിരുന്ന സാനിയാ മിര്‍സയുടെ പേരും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പാക് മാധ്യമമായ സമാ ടിവിയാണ് ഹരജി സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പാക് താരങ്ങളുടെ മോശം പ്രകടനത്തിന് കാരണം ഹുക്കയാണെന്നാണ് ഹരജിയില്‍ പറഞ്ഞിരിക്കുന്നത്.
പ്രധാനപ്പെട്ട മത്സരമായിരുന്നിട്ട് കൂടി ഷോയ്ബ് മാലിക് പൂജ്യത്തിന് ഔട്ടായി. ഇമാമുല്‍ ഹഖ് ഏഴ് റണ്‍സ് മാത്രമാണ് എടുത്തത്. വഹാബ് റിയാസിന് ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചതെന്നും ഹരജിയില്‍ പറയുന്നു.
മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ 89 റണ്‍സിനാണ് ഇന്ത്യയോട് തോറ്റത്. പാക് താരങ്ങള്‍ ഹോട്ടലില്‍ മത്സരത്തലേന്ന് ഹുക്ക വലിച്ചെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ പ്രചരിക്കുന്ന വീഡിയോ ഇന്ത്യയുമായുള്ള മത്സരത്തിന്റെ രണ്ട് ദിവസം മുന്‍പുള്ളതാണെന്നും കളിയുടെ തലേദിവസം താരങ്ങളാരും ഹോട്ടലിന് പുറത്തു പോയില്ലെന്നും പി.സി.ബി വ്യക്തമാക്കിയിരുന്നു.