തിരുവനന്തപുരം: ദിലീപ് ചിത്രമായ “ചന്ദ്രേട്ടന്‍ എവിടെയാ” സിനിമക്കെതിരെ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതി. സിനിമയില്‍ നമിതാ പ്രമോദ് അവതരിപ്പിച്ച കഥാപാത്രമായ ഗീതാഞ്ജലിക്ക് സംവിധായകന്‍ നല്‍കിയ നമ്പര്‍ യുവതിയുടെ മൊബൈല്‍ നമ്പറായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
തിരുവനന്തപുരത്ത് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന ഇവരുടെ ഫോണിലേക്ക് ചിത്രം പുറത്തിറങ്ങിയത് മുതല്‍ നിരന്തരം ഫോണ്‍ കോളുകളും അശ്ലീല സന്ദേശങ്ങളുമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇക്കാരണത്താല്‍ തന്റെ കുടുംബ ജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും യുവതി പറഞ്ഞു. എന്നാല്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സമീപിച്ചെങ്കിലും കൈമലര്‍ത്തുകയായിരുന്നു.
അതേ സമയം ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിയൂര്‍ മുനിസിപ്പല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി.
ഇത് കൂടാതെ ചിത്രത്തിന്റെ 3 നിര്‍മാതാക്കള്‍ക്കെതിരെയും സംവിധായകനായ സിദ്ധാര്‍ത്ഥ് ഭരതിനെതിരെയും 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് ഇവര്‍.
അനുവാദമില്ലാതെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചതിന് ബോളിവുഡ് ചിത്രമായ ഗജനിക്കെതിരെയും സമാനമായ രീതിയില്‍ പരാതി ഉയര്‍ന്നിരുന്നു.