യു.ഡി.എഫ് പരാതി ഉന്നയിച്ച മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും മത്സരിക്കാം
Kerala
യു.ഡി.എഫ് പരാതി ഉന്നയിച്ച മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും മത്സരിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2011 Mar 29, 09:50 am
Tuesday, 29th March 2011, 3:20 pm

തൃശൂര്‍/ കോഴിക്കോട്: പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പരാതി ഉന്നയിച്ച മൂന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും മത്സരിക്കാം. ഗുരുവായൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി അബ്ദുല്‍ഖാദര്‍, കുന്ദമംഗലത്തെ സ്ഥാനാര്‍ഥി പി.ടി.എ റഹീം, കോതമംഗലം സ്ഥാനാര്‍ഥി സ്‌കറിയാ തോമസ് എന്നിവരുടെ പത്രികക്കെതിരെയായിരുന്നു പരാതി. സ്‌കറിയാ തോമസ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച തള്ളിയിട്ടുണ്ട്. പകരം സ്വതന്ത്രനായി സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചു. ലയന വിരുദ്ധനാണെന്ന് അപേക്ഷയില്‍ പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആ പത്രിക തള്ളിയത്.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്നനിലയില്‍ സര്‍ക്കാറില്‍നിന്ന് ഓണറേറിയം കൈപ്പറ്റുന്ന കെ.വി.അബ്ദുല്‍ഖാദറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നായിരുന്നു ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഷ്‌റഫ് കോക്കൂരിന്റെ പരാതി. എന്നാല്‍ 21ന് നല്‍കിയ രാജികത്ത് അംഗീകരിച്ച് വഖഫ് ബോര്‍ഡ് നല്‍കിയ കത്ത് അബ്ദുല്‍ഖാദര്‍ റിട്ടേണിങ് ഓഫിസര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

സര്‍ക്കാര്‍ പദവിയിലിരിക്കെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അബ്ദുല്‍ഖാദറിന്റെ പത്രിക സ്വീകരിച്ചതായി റിട്ടേണിങ് ഓഫീസര്‍ വി ഉണ്ണികൃഷ്ണന്‍ അറിയിക്കുകയായിരുന്നു.

കുന്ദമംഗലത്തെ ഇടതു സ്ഥാനാര്‍ഥി പി.ടി.എ റഹീമിന്റെ നാമനിര്‍ദേശ പത്രികയും സ്വീകരിച്ചു. ഹജ്ജ് കമ്മറ്റി ചെയര്‍മാനായ പി.ടി.എ റഹീമിന് മത്സരിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇക്കാര്യം വിശദമായി പരിശോധിച്ച് തീരുമാനം വ്യക്തമാക്കാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിറോസായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ റിട്ടേണിങ് ഓഫീസര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.