| Tuesday, 11th August 2020, 8:48 pm

പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ്; ചന്ദ്രചൂഢിന്റെ ബെഞ്ചില്‍ നിന്ന് അരുണ്‍ മിശ്രയുടെ ബെഞ്ചിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിമിനല്‍ കോടതിയലക്ഷ്യത്തിന്റെ ഭരണഘടനസാധുത ചോദ്യം ചെയ്യുന്ന പ്രശാന്ത് ഭൂഷണിന്റേയും എന്‍. റാമിന്റേയും അരുണ്‍ ഷൂരിയുടേയും ഹരജി പരിഗണിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച്. നേരത്തെ ഹരജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെയും ജസ്റ്റിസ് കെ.എം ജോസഫിന്റേയും ബെഞ്ചായിരുന്നു ഹരജി പരിഗണിക്കുമെന്ന് അറിയിച്ചിരുന്നത്.

എന്നാല്‍ നാടകീയമായാണ് ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം വരുത്തിയത്. ഇന്നലെയാണ് ഹരജി പരിഗണിച്ചത്.

കോടതി ബെഞ്ചുകളിലേക്ക് കേസ് മാറ്റുന്നതിനിടയിലുണ്ടായ പിഴവാണ് ഇതെന്ന് കാട്ടിയായിരുന്നു അരുണ്‍ മിശ്രയുടെ ബെഞ്ചിനെ കേസ് ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

ഓരോ ബെഞ്ചുകളും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുണ്ട്. അത്തരത്തില്‍ കേസുകള്‍ തരംതിരിക്കുമ്പോള്‍ ഉണ്ടായ പിഴവാണിതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട വാദം ആഗസ്റ്റ് 13 ന് കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രശാന്ത് ഭൂഷണനെതിരെയുളള രണ്ട് കോടതിയലക്ഷ്യ കേസുകളാണ് അരുണ്‍മിശ്ര ബെഞ്ചിനുമുന്നിലുള്ളത്. 2009 ല്‍ അദ്ദേഹം തെഹല്‍ക്കയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇന്ത്യയിലെ 16 ചീഫ് ജസ്റ്റിസുമാരില്‍ എട്ടു പേരും അഴിമതിക്കാരാണെന്ന് പറഞ്ഞിരുന്നു.

ഈ വിവാദ പ്രസ്താവനയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിനെടുത്ത കേസാണ് ഒന്ന്.

രണ്ടാമത്തേത്, കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ചീഫ് ജസ്റ്റിസ് സംവിധാനത്തെ കുറിച്ച് പരാമര്‍ശിച്ച ട്വീറ്റുകളും ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ കേസും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: petition-challenging-contempt-law-listed-before-justice-arun-mishra-led-bench

We use cookies to give you the best possible experience. Learn more