'യുവജനോത്സവത്തിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ല; കേരള സർവകലാശാല കലോത്സവത്തിന് 'ഇൻതിഫാദ' പേര് നൽകിയതിനെതിരെ ഹൈക്കോടതിയിൽ ഹരജി
കൊച്ചി: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന് പേരിട്ടതിനെതിരെ ഹൈക്കോടതിയിൽ ഹരജി.
ഇസ്രയേൽ ഫലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ട പദമാണ് ഇൻതിഫാദ എന്നും ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതിൽ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി എ.എസ്. ആശിഷ് എന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഹരജി നൽകിയത്.
ഗസയിൽ ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് ഉടലെടുത്ത വാക്കാണ് ഇതെന്നും ഹമാസ് പോലുള്ള തീവ്രവാദ, സായുധ സംഘടനകളുമായി ചരിത്രപരമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണ് ഇൻതിഫാദ എന്നും ഹർജിക്കാരൻ പറയുന്നു.
യുവജനോത്സവത്തിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും ഇസ്രായേൽ പാലസ്തീൻ സംഘർഷം അല്ല ഇവിടെ ചർച്ചയാകേണ്ടതെന്നും ഹരജിക്കാരൻ പറയുന്നു.
ഇസ്രഈലിന് മേൽ ഫലസ്തീന്റെ സ്കാഫ് വീണു കിടക്കുന്നതാണ് കലോത്സവത്തിന്റെ ലോഗോയിലുള്ളതെന്നും ‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന് ലോഗോയ്ക്ക് ഒപ്പം എഴുതിയത് സാംസ്കാരികോത്സവത്തിന് ഒട്ടും ചേർന്നതല്ല എന്നും ആരോപണമുണ്ട്.
പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹരജിയിൽ പറയുന്നുണ്ട്.
ഹരജിയുടെ അടിസ്ഥാനത്തിൽ ഗവർണർക്കും കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല യൂണിയനും ഹൈക്കോടതി നോട്ടീസ് അയച്ചു.
ഇസ്രഈലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണ് ഇൻതിഫാദ എന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് ഒരു വിഭാഗം വിദ്യാർഥികൾ നേരത്തെ പരാതി നൽകിയിരുന്നു.
ഭീകര സംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്ന് പരാതിക്കാരുടെ ആവശ്യത്തെ തുടർന്ന് അന്വേഷണം നടത്താൻ രജിസ്ട്രാർക്ക് വി.സി നിർദ്ദേശം നൽകി.
അതേസമയം ഉയർന്നുവരുന്ന പ്രതിരോധം എന്നാണ് ഇൻതിഫാദ എന്ന വാക്കിന്റെ അർത്ഥമെന്നും സർഗാത്മകമായി സർവകലാശാല യൂണിയൻ ഉപയോഗിക്കുന്ന പേരിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് ഡി.എസ്.എസ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
മാർച്ച് ഏഴ് മുതൽ 11 വരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് സർവ്വകലാശാല കലോത്സവം നടക്കുക.
1987 – 1990 കാലഘട്ടത്തിലും 2000-2005 കാലഘട്ടത്തിലും ഇസ്രഈലിനെതിരെ ഫലസ്തീൻ ജനത നടത്തിയ അതിജീവന പ്രക്ഷോഭമാണ് ഇൻതിഫാദ എന്നറിയപ്പെടുന്നത്.
CONTENT HIGHLIGHT: Petition at High Court Against Name of Kerala Universiry Kalolsavam as Intifada