|

ഒറ്റഡോസ് മരുന്നിന് 16 കോടി രൂപ; കുഞ്ഞിന്റെ ചികിത്സക്ക് സഹായംതേടി കോഴിക്കോട്ടുകാരന്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അപൂര്‍വ ജനിതകരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സര്‍ക്കാര്‍ സഹായം തേടി പിതാവ് ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണിപ്പോള്‍.

അമേരിക്കയില്‍ നിന്നുള്ള ഒനസെമനജീന്‍ എന്ന മരുന്നിന്റെ ഡോസാണ് ചികിത്സക്കാവശ്യം. ഇതിന്റെ ഒരു ഡോസിന് 16 മുതല്‍ 18 കോടി രൂപവരെയാണ് ചെലവ്. ചികിത്സാച്ചെലവിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് പിതാവിന്റെ ആവശ്യം.

കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പരിശോധിച്ചു. തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണവും തേടി.

മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ചേ തീരുമാനം എടുക്കാനാകൂവെന്ന് കോടതി വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്ത് 28നകം സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ സര്‍ക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിര്‍ദേശിച്ചു.

കൈ ചലിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു 40 ദിവസം പ്രായമായപ്പോള്‍ നടത്തിയ പരിശോധനയിലാണു ഇമ്രാനു രോഗം
തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട്
മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. നേരത്തെ ഒരു കുഞ്ഞു മരിച്ചു പോയതിനാല്‍ ഇമ്രാനെയെങ്കിലും രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണു മാതാപിതാക്കള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Petition asking medicine worth crores for 5 month old child