| Saturday, 19th October 2024, 6:10 pm

ഔദ്യോഗിക പരിപാടിയില്‍ ജീന്‍സും ടീഷര്‍ട്ടുമിടുന്നു; ഉദയനിധി സ്റ്റാലിനെതിരെ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരെ ഹരജി. ഔദ്യോഗിക പരിപാടികളിലേക്ക് ഉപമുഖ്യമന്ത്രി ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തുന്നതിരെയാണ് ഹരജി നല്‍കിയിരിക്കുന്നത്.

പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ വഹിക്കുമ്പോഴും ഔപചാരിക വസ്ത്രം ധരിക്കണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെടുന്നത്.

2019ലെ ഔപചാരിക വസ്ത്രധാരണരീതി എന്ന സര്‍ക്കാര്‍ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2019 ജൂണ്‍ ഒന്നിന് പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചാണ് ഹരജിക്കാരന്റെ ആവശ്യം.

അഭിഭാഷകനായ എം. സത്യകുമാറാണ് മദ്രാസ് ഹൈക്കോടതിയില്‍ ഉദയനിധി സ്റ്റാലിനെതിരെ ഹരജി നല്‍കിയത്. ഉദയനിധി ധരിക്കുന്ന ടീഷര്‍ട്ടുകളില്‍ ഡി.എം.കെ പാര്‍ട്ടിയുടെ ചിഹ്നമുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു.

സര്‍ക്കാരിന്റെ പരിപാടികളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടെന്നും എം. സത്യകുമാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഉദയനിധി വോട്ടര്‍മാരോട് പരോക്ഷമായി വോട്ട് അഭ്യര്‍ത്ഥിക്കുകയാണെന്നും അഭിഭാഷകന്‍ പറയുന്നു.

ഉദയനിധിയുടെ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജിക്കാരന്‍, ഔപചാരിക വസ്ത്രം ധരിക്കാന്‍ ഉപമുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കാനാണ് ഹരജി ആവശ്യപ്പെടുന്നത്.

സെപ്റ്റംബര്‍ 22ന് നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവില്‍ സംസ്ഥാനത്തെ കായിക-യുവജനക്ഷേമ മന്ത്രിയാണ് ഉദയനിധി.

ഉദയനിധിക്ക് പുറമേ, വി.സെന്തില്‍ ബാലാജി, ഡോ.ഗോവി ചെഴിയാന്‍, ആര്‍. രാജേന്ദ്രന്‍, എസ്.എം. നാസര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിക്ക് 15 മാസത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡി.എം.കെ മന്ത്രിസഭയില്‍ സെന്തില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചത്.

Content Highlight: Petition against Udayanidhi Stalin

We use cookies to give you the best possible experience. Learn more