| Tuesday, 19th November 2024, 8:52 pm

തോട്ടപ്പള്ളി ഖനനാനുമതിക്കെതിരായ ഹരജി; ഷോണ്‍ ജോര്‍ജിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. തോട്ടപ്പള്ളി ഖനനാനുമതിയില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് വിമര്‍ശനം.

ഹരജിയിലെ വിഷയം പഠിക്കുന്നതിനായി ഹരജിക്കാരന്‍ എന്ത് ഗവേഷണമാണ് നടത്തിയതെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഖനനം, ആണവോര്‍ജം തുടങ്ങിയ വിഷയങ്ങളില്‍ ഹരജിക്കാരന് ഇത്രയ്ക്കും വൈദഗ്ധ്യം എവിടെ നിന്നാണ് ലഭിച്ചതെന്നും കോടതി ചോദിച്ചു. എന്നാല്‍ പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഹരജി ഫയല്‍ ചെയ്തതെന്ന് ഷോണ്‍ ജോര്‍ജ് മറുപടി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ചുമതലകള്‍ വഹിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട വിഭാഗങ്ങളെ കോടതി മുറിയിലേക്ക് വിളിച്ചുവരുത്താന്‍ താത്പര്യമില്ലെന്നും കോടതി പറഞ്ഞു. ഷോണ്‍ ജോര്‍ജിന്റെ ഹരജി പരിശോധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് മണല്‍ നീക്കുന്നതിനെതിരെയാണ് ഷോണ്‍ ജോര്‍ജ് ഹരജി നല്‍കിയത്. സര്‍ക്കാരിന്റെ നടപടി അനധികൃതമാണെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നുമായിരുന്നു ബി.ജെ.പി നേതാവിന്റെ ആവശ്യം.

എന്നാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് മണല്‍ നീക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മണല്‍ നീക്കുന്നതിലൂടെ കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഷോണ്‍ ജോര്‍ജിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.

നിയമപഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജിയെന്ന് ചൂണ്ടിക്കാട്ടിയ ബി.ജെ.പി നേതാവിനോട്, നിയമപഠനത്തേക്കാള്‍ മുകളിലാണ് ഖനനം, ആണവോര്‍ജം സംബന്ധിച്ച വിഷയങ്ങളിലെ അറിവെന്നും കോടതി പറഞ്ഞു.

Content Highlight: Petition against Thotapalli mining permit; Criticism of High Court against Shaun George

We use cookies to give you the best possible experience. Learn more