റുബെല്ലാ നിര്‍ത്തലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി, വാക്‌സിനേഷനെതിരെ ഹോമിയോപ്പതി ഡോക്ടര്‍മാരും രംഗത്ത്
Kerala
റുബെല്ലാ നിര്‍ത്തലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി, വാക്‌സിനേഷനെതിരെ ഹോമിയോപ്പതി ഡോക്ടര്‍മാരും രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2014, 9:20 am

[share]

[] തിരുവനന്തപുരം: റുബെല്ലാ വാക്‌സിനേഷന്‍ കുത്തിവെപ്പ് അശാസ്ത്രീയമാണെന്ന് പറഞ്ഞ് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ദേശിയ ജനറല്‍ സെക്രട്ടറി അഡ്വ.മുജീബ് റഹ്മാന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി.

കുത്തിവെപ്പ് അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രസവ രക്ഷയ്‌ക്കെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കാണ് റുബെല്ലാ വാക്‌സിനേഷന്‍ നല്‍കുന്നത്.

സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 22 വയസാണെന്നിരിക്കെ ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വാക്‌സിന്‍ നല്‍കാനുള്ള ആരോഗ്യ വകുപ്പിന്റെ തീരുമാനം കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി നശിപ്പിക്കുന്നതാണ്.

അതീവ ഗുരുതരമല്ലാത്ത വൈറല്‍ രോഗമാണ് റുബെല്ലാ. എന്നാല്‍ ഇത് പെരുപ്പിച്ച് കാണിച്ച് മരുന്ന് കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

പദ്ധതിയ്ക്കായി മരുന്ന് വാങ്ങുന്നത് മുംബൈയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ്. ഒരു മന്ത്രിയുമായി അവിഹിത ഇടപാടില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് മരുന്ന് വാങ്ങുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

അണ്‍ എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം പദ്ധതി നടപ്പാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേ സമയം ഹോമിയോപ്പതി ഡോക്ടര്‍മാരും റുബെല്ലാ വാക്‌സിനേഷനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വേണ്ടത്ര പഠനങ്ങളില്ലാതെ കേരളത്തില്‍ ഒരു വിഭാഗം പെണ്‍കുട്ടികളില്‍ മാത്രം പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ദ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരള (ഐ.എച്ച്.കെ) സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം വിലയിരുത്തി.