| Tuesday, 25th September 2018, 6:40 pm

രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റിസാക്കരുത്; സംഘ്പരിവാര്‍ സഹയാത്രികനായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് സംഘ്പരിവാര്‍ സഹയാത്രികനായ അഭിഭാഷകന്‍ അഡ്വ. ആര്‍.പി ലൂഥ്‌റ. രഞ്ജന്‍ ഗോഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് തടയണമെന്നാണ് ആര്‍.പി ലൂഥ്‌റയുടെ ആവശ്യം.

എന്നാല്‍ ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയായിരുന്നു ലൂഥ്‌റയുടെ ആവശ്യം. ഹരജി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ സാധാരണ വരുന്നത് പോലെ വന്നോളുമെന്ന് ചീഫ് ജസ്റ്റിസ് ഹരജിയുടെ കാര്യം പരാമര്‍ശിച്ച ലൂഥ്‌റയോട് പറഞ്ഞു.


Read Also : ജനവികാരം അനുകൂലമാക്കാന്‍ ബി.ജെ.പിക്ക് ഈ മൂന്ന് കാര്യങ്ങള്‍ മാത്രം മതി: കട്ജു


ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് സെപ്തംബര്‍ 13 നാണ് രാഷ്ട്രപതി ഉത്തരവിറക്കിയത്. ഒക്ടോബര്‍ മൂന്നിനാണ് ഗൊഗോയ് ഔദ്യോഗികമായി ചുതലയേല്‍ക്കുന്നത്. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസാണ് ഗോഗോയി.

നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ 2 ന് സ്ഥാനമൊഴിയും. ഗൊഗോയിയുടെ പേര് ദീപക് മിശ്ര നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.

ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ജനുവരി 12 ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കേസുകള്‍ വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താ സമ്മേളനം.

അസം സ്വദേശിയായ ഗൊഗോയി 1954-ലാണ് ജനിച്ചത്. 2001 ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17 ന് വിരമിക്കും.

ഗൊഗോയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് ചെലമേശ്വര്‍ ആയിരുന്നു ദീപക് മിശ്ര കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജി. എന്നാല്‍ അദ്ദേഹം മെയ് 18 ന് വിരമിച്ചിരുന്നു.

We use cookies to give you the best possible experience. Learn more