| Wednesday, 22nd March 2023, 1:05 pm

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഉത്തരവിനെതിരെയുള്ള ഹരജി; പ്രത്യേക ബെഞ്ചിനെ ചുമതലപ്പെടുത്താന്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിനെതിരെയുള്ള ഹരജികള്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. അതിനായി സ്‌പെഷ്യല്‍ ബെഞ്ചിനെ ചുമതലപ്പെടുത്തുമെന്നും സുപ്രീം കോടതി അറിയിച്ചു.

കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പ്രത്യേക ബെഞ്ചിനെ ഏര്‍പ്പാടാക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ വിഷയം നേരത്തേ നാല് തവണ പരിഗണിച്ചതാണെന്നും ഇതുവരെ പ്രാഥമിക വാദം കേള്‍ക്കല്‍ പോലും നടന്നിട്ടില്ലെന്നും ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത ആരോപിച്ചു.

2022ല്‍ ബില്‍ക്കിസ് ബാനു കേസിലെ മുഴുവന്‍ പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ നിരവധി പേര്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചു.

പ്രതികളുടെ നല്ല നടപ്പും 14 വര്‍ഷത്തെ ജയില്‍ ജീവിതവും കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാന പ്രകാരമാണ് പ്രതികളെ വിട്ടയച്ചതെന്നാണ് അന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികളായ പതിനൊന്നുപേരെ ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. കുറ്റവാളികളെ വെറുതെ വിട്ടുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

അതേസമയം കഴിഞ്ഞ ഡിസംബറില്‍ പ്രതികളെ വെറുതെ വിട്ടയച്ചതിനെതിരായ ബില്‍ക്കിസ് ബാനുവിന്റെ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

2002ലെ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഹമ്മദാബാദിലാണ് ബില്‍ക്കിസ് ബാനു കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാല്‍ സാക്ഷികളെ ഉപദ്രവിക്കുന്നുവെന്നും, സി.ബി.ഐ ശേഖരിച്ച തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്നും ബില്‍ക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്, 2004 ഓഗസ്റ്റില്‍ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2008 ജനുവരി 21ന് പ്രത്യേക സി.ബി.ഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.

ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്. ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു.

എന്നാല്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ തന്റെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാര്‍ 11 കുറ്റവാളികളെയും മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

content highlight: Petition against order releasing accused in Bilkis Banu case; Supreme Court to appoint special bench

We use cookies to give you the best possible experience. Learn more