[]കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
മോഹന്‍ലാലിനെ സിനിമാനടനായ മുന്‍ വനം മന്ത്രി കെ. ബി. ഗണേഷ്‌കുമാറും വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ പൊറത്തുശേരി സ്വദേശി പ്രമോദ് സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് പി. ഭവദാസന്‍ തള്ളിയത്. []
കേസിന്റെ അന്വേഷണ പുരോഗതിക്ക് കോടതി ഇടപെടണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണ ആവശ്യവും നേരത്തെ വിജിലന്‍സ് കോടതി തള്ളിയിരുന്നു.
മോഹന്‍ലാലിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ വനം വകുപ്പ് നല്‍കിയ പരാതിയിന്മേല്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നിലവിലുണ്ടെങ്കിലും അത് മരവിച്ചിരിക്കുകയാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ കേസുമായി ഹരജിക്കാരന് ബന്ധമില്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.
ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാന്‍ ഹരജിക്കാരന്‍ അര്‍ഹനല്ലാത്ത സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും അവര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാല്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തില്ല.