| Wednesday, 1st August 2018, 10:09 am

''മീശ' പുറത്തിറക്കുന്നത് തടയണം; ഇല്ലെങ്കില്‍ ചാര്‍ളി ഹെബ്ദോയ്ക്ക് സമാനമായ പ്രതിഷേധമുയരും': എസ്. ഹരീഷിന്റെ നോവലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്. ഹരീഷിന്റെ നോവല്‍ “മീശ”യ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ദല്‍ഹി മലയാളിയാണ് ഹര്‍ജിയ്ക്കു പിന്നില്‍. അഭിമാനിയായ ഹിന്ദു എന്നു വിശേഷിപ്പിച്ചാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷക ഉഷ നന്ദിനി ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.

മീശ നോവലിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. നോവലിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി ചാര്‍ളി ഹെബ്ദോയ്ക്ക് സമാനമായ പ്രതിഷേധം ഇന്ത്യയില്‍ ക്ഷണിച്ചുവരുത്തുമെന്നും ഹര്‍ജിയില്‍ മുന്നറിയിപ്പു നല്‍കുന്നു.

Also Read:ഉരുളക്കിഴങ്ങും ഉരുളക്കിഴങ്ങ് ചിപ്‌സും ഒന്നല്ല; ബി.ജെ.പിയിലെ എല്ലാ നേതാക്കളും മോശക്കാരല്ലെന്നും മമത ബാനര്‍ജി

സല്‍മാന്‍ റുഷ്ദിയുടെയും തസ്‌ലീമ നസ്രീന്റെയും പുസ്തകങ്ങള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന ചില രാഷ്ട്രീയകാര്‍ മീശക്ക് അനുകൂലമായി നിന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന് പിന്‍വലിച്ച നോവല്‍ ഡി.സി ബുക്‌സ് പുസ്തകരൂപത്തില്‍ ഇന്ന് പുറത്തിറക്കാനിരിക്കെയാണ് മീശയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ഡി.സി ബുക്‌സ് നോവല്‍ പ്രസിദ്ധീകരിക്കുമെന്ന കാര്യം അറിയിച്ചത്.

Also Read:മല്യയെ വിട്ടുനല്‍കൂ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ടോയ്‌ലറ്റ് ഞങ്ങള്‍ നല്‍കും: യു.കെ കോടതിയില്‍ മോദി സര്‍ക്കാര്‍

നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും എതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

“മീശ” പുസ്തകമാക്കുമെന്ന വിവരം പുറത്തുവന്നതോടെ പ്രസാധകര്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണിയെത്തുടര്‍ന്ന് പ്രസാധകന്‍ രവി ഡി.സി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more