| Wednesday, 3rd January 2024, 3:33 pm

ലിയോയുടെ ടെലിവിഷന്‍ സംപ്രേഷണം തടയണം, ലോകേഷിന്റെ മാനസിക നില പരിശോധിക്കണം; ഹൈക്കോടതിയില്‍ ഹരജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി. സിനിമകളിലൂടെ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നും മാനസിക നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് മധുര സ്വദേശിയായ രാജ മുരുകന്‍ കോടതിയെ സമീപിച്ചത്.

ലോകേഷ് സിനിമകളില്‍ സ്ത്രീകളെ കൊലപ്പെടുത്തുന്ന രംഗങ്ങള്‍ വരെ ചിത്രങ്ങളിലുണ്ട്. പൊലീസ് പോലും ക്രൂരതയില്‍ പങ്ക് ചേരുന്ന തരത്തിലാണ് ദൃശ്യങ്ങള്‍. ലോകേഷിന് ക്രിമിനല്‍ മനസാണ്. ഇതിനായി ഒരു മനോരോഗ വിദഗ്ദനെ കോടതി ഏര്‍പ്പെടുത്തണം. ഒടുവിലിറങ്ങിയ ലോകേഷിന്റെ ചിത്രമായ ലിയോയുടെ ടെലിവിഷന്‍ സംപ്രേഷണം അനുവദിക്കരുത്. ചിത്രത്തിന്റെ സംപ്രേഷണം കുട്ടികള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് കാരണമാവും. ലിയോ കണ്ടതിന് ശേഷം തനിക്ക് മാനസിക സംഘര്‍ഷമുണ്ടായി. അതിന് നഷ്ടപരിഹാരമായ 1000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹരിജിയില്‍ പറയുന്നു.

ഒക്ടോബര്‍ 19നാണ് ലിയോ തിയേറ്ററുകളിലെത്തിയത്. വിജയ് നായകനായ ചിത്രം തെന്നിന്ത്യയാകെ വമ്പന്‍ വിജയമായിരുന്നു. തൃഷ നായികയായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ്മേനോന്‍, പ്രിയ ആനന്ദ്, മാത്യു തോമസ്, ഇയല്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.

കൈതിയുടെ രണ്ടാം ഭാഗമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം. കൈതിയുടെ നാലാം വാര്‍ഷികത്തില്‍ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് അറിയിച്ചിരുന്നു.

റോളക്സ്- എ സ്റ്റാര്‍ഡ് എലോണ്‍, വിക്രം 2, ലിയോ 2 എന്നിവയാണ് ഇനി എല്‍.സി.യുവില്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ വിക്രം 2 എല്‍.സി.യുവിലെ അവസാന ചിത്രമാക്കാന്‍ പ്ലാനുണ്ടെന്നും ലോകേഷ് പറഞ്ഞിരുന്നു.

Content Highlight: Petition against director Lokesh Kanakaraj in Madras High Court

Latest Stories

We use cookies to give you the best possible experience. Learn more