| Wednesday, 7th November 2018, 11:27 am

ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ ആചാരലംഘനത്തിനെതിരെ ഹൈക്കോടതിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അഡ്വ. രാംകുമാര്‍ മുഖേനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ഒരു ബി.ജെ.പി നേതാവുമാണ് ഹര്‍ജി നല്‍കിയത്. ആചാരങ്ങള്‍ സംരക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് അധികാരമേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ ആചാരം ലംഘിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ഹൈക്കോടതി ഇടപെട്ട് തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Also Read:വിദ്യാസമ്പന്നരായ മലയാളികള്‍ സുപ്രീംകോടതിവിധി സ്വീകരിക്കുമെന്ന് കരുതി: ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്ന ആന്ധ്ര തീര്‍ത്ഥാടക

ആചാരലംഘനം നടത്തിയിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് പറയുന്നത്. ചടങ്ങിന്റെ ഭാഗമായാണ് പതിനെട്ടാം പടി കയറിയത്. ചടങ്ങിനുവേണ്ടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും കയറാറുണ്ട്. ആചാരവും ചടങ്ങും രണ്ടാണ്. ചടങ്ങിനു പോകുമ്പോള്‍ ഇരുമുടികെട്ട് വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദേവസ്വം ബോര്‍ഡ് പ്രതിനിധി ആയാണ് അവിടെ പോയത്. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണെന്നും ശങ്കര്‍ദാസ് പറഞ്ഞിരുന്നു.

സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആചാരസംരക്ഷണത്തിനെന്നു പറഞ്ഞുകൊണ്ട് ഭക്തര്‍ എന്നവകാശവാദത്തോടെ ശബരിമലയില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Also Read:ആചാരം സംരക്ഷിക്കാനിറങ്ങിയവര്‍ തന്നെ ആചാരം ലംഘിച്ച ആന്റി ക്ലൈമാക്‌സ്; ശബരിമല നട അടച്ചു

ഇതിനിടെയാണ് ദേവസ്വം ബോര്‍ഡ് അംഗം ആചാരലംഘനം നടത്തിയതെന്നാരോപണവും ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഫോട്ടോ കടപ്പാട്: മാതൃഭൂമി ടി.വി

We use cookies to give you the best possible experience. Learn more