ആദിവാസികളിലെ വന്ധ്യംകരണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം: ഹൈക്കോടതി
Kerala
ആദിവാസികളിലെ വന്ധ്യംകരണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2012, 10:56 am

കൊച്ചി: വയനാട്ടിലെ ആദിവാസികള്‍ക്കിടയിലെ നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാക്കുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണത്തിനായി ഹൈക്കോടതിയില്‍ ഹരജി. വയനാട്ടിലെ ആദിവാസികളുടെ ഗോത്ര പ്രാര്‍ഥനാ സംഘമാണ് ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

വന്ധ്യംകരണത്തിന്റെ പേരില്‍ ആദിവാസികളെ മാനസികമായി പീഡിപ്പിക്കുന്ന സ്ഥിതിയാണുള്ളതെന്ന് ഗോത്ര പ്രാര്‍ഥനാ സംഘം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വന്ധ്യംകരണത്തിനായി മാര്‍ഗരേഖകള്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ യാതൊരു ജാഗ്രതയും കാണിക്കുന്നില്ല. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ 2010ല്‍ നടത്തിയിട്ടുള്ള വന്ധ്യംകരണങ്ങള്‍ തെറ്റായ രീതിയിലായിരുന്നെന്നും ഹരജിയില്‍ ആരോപിക്കുന്നു.

ഹരജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ ഇക്കാര്യം അടിയന്തരമായി പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്.