Kerala
അമൃതാനന്ദമയിയ്‌ക്കെതിരായ പുസ്തകം നിരോധിക്കണമെന്ന ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Apr 06, 04:30 am
Sunday, 6th April 2014, 10:00 am

[share]

[] കൊല്ലം: അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡെ്‌വെല്ലുമായുള്ള മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിന്റെ അഭിമുഖം  അമൃതാന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം ഉടന്‍ നിരോധിക്കണമെന്ന ആവശ്യം കോടതി തള്ളി. അതേസമയം കൂടുതല്‍ വാദം കേള്‍ക്കാനായി ഹരജി പരിഗണിക്കുന്നത് ഏപ്രില്‍ 11 ലേക്ക് മാറ്റി.

പുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി കൊല്ലം സബ്‌കോടതിയിലാണ് അമൃതാനന്ദമയി അനുകൂലികളായ രാജഗോപാലന്‍ നായര്‍, അനില്‍കുമാര്‍ എന്നിവര്‍ ഹരജി നല്‍കിയത്. ഡി.സി ബുക്‌സ് പ്രസാധകന്‍ രവി ഡിസി, അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി ഫയല്‍ ചെയ്തിരുന്നത്.

പുസ്തകം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട്  കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലെ ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയ്ക്ക നേരെയും രവി ഡി.സിയുടെ വീടിന് നേരെയും അക്രമമുണ്ടായിരുന്നു. മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഡി.സി ബുക്‌സിന്റെ ശാഖയിലെത്തിയ സംഘം പുസ്തകം വലിച്ചുകീറുകയും അമൃതാനന്ദമയീ അമ്മയ്‌ക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്നെഴുതിയ പോസ്റ്റര്‍ പതിയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവത്തിനുശേഷം മഠത്തിന്റെ ദൂതന്‍ ഈ സംഭവത്തില്‍ പങ്കില്ലെന്ന് അറിയിച്ചതായി രവി ഡി.സി പറഞ്ഞിരുന്നു. അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകത്തിന്റെ 5000 കോപ്പികളാണ് വിപണിയിലിറക്കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്നും പകരം പ്രസാധകന് സംരക്ഷണം നല്‍കണമെന്നും രവി ഡി.സി വ്യക്തമാക്കിയിരുന്നു.