| Friday, 10th December 2021, 5:53 pm

റിയാസിനും വീണയ്ക്കുമെതിരായ അധിക്ഷേപം; അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിന്റെ ഭാര്യ വീണ വിജയനെയും അബ്ദു റഹ്മാന്‍ വ്യക്തിപരമായ പരാമര്‍ശങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ അബ്ദുള്‍ റഹ്മാന്‍ നടത്തിയ പരാമര്‍ശം വ്യക്തി എന്ന നിലയില്‍ റിയാസിന്റെയും സ്ത്രീ എന്ന നിലയില്‍ വീണയുടെയും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്.

മനുഷ്യാവകാശ ലംഘനത്തിനും വ്യക്തിഹത്യയ്ക്കും അപവാദ പ്രചാരണത്തിനും അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ മനുഷ്യാവകാശ ദിനത്തില്‍ തന്നെ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിയ്ക്കിടെയാണ് അബ്ദുള്‍ റഹ്മാന്‍ കല്ലായിയും മറ്റ് ലീഗ് നേതാക്കളും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നത്.

‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത് (അറബി പദം). അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,’ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞിരുന്നു.

ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അബ്ദുറഹ്മാന്‍ കല്ലായി രംഗത്തെത്തി. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

റിയാസിനെതിരായ പരാമര്‍ശത്തില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പരാതിയുടെ പൂര്‍ണരൂപം

To

വനിതാ കമ്മീഷന്‍ അധ്യക്ഷ,
അഡ്വ. പി. സതീദേവി.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്

സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്,
മ്യൂസിയം.

പൊതുമരാമത്തുവകുപ്പു
മന്ത്രി ശ്രീ മുഹമ്മദ് റിയാസിനേയും അദ്ദേഹത്തിന്റെ ഭാര്യ ടെക്‌നോക്രാറ്റ് ശ്രീമതി വീണാ വിജയനേയും പൊതു ജനമധ്യത്തില്‍ മുസ്‌ലിം ലീഗ് നേതാവ് അബ്ദുള്‍ റഹ്മാന്‍ കല്ലായി വ്യക്തിപരമായ പരാമര്‍ശങ്ങളിലൂടെ സ്വകാര്യതയിലേക്ക് കടന്നുകയറി അന്തസ്സിനും ആത്മാഭിമാനത്തിനും കളങ്കമേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ അപമാനിച്ചിരിക്കുകയാണ്.

റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നായിരുന്നു അബ്ദുള്‍ റഹ്മാന്‍ കല്ലായിയുടെ പ്രസ്താവന.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി 2021 ഡിസംബര്‍ മാസം ഒന്‍പതാം തിയതി കോഴിക്കോട് സംഘടിപ്പിച്ച റാലിയിലാണ് മൈക്ക് കെട്ടിവെച്ചുള്ള വ്യക്തിഹത്യയും അപവാദപ്രചരണവും നടന്നിരിക്കുന്നത്.
ഇത് വ്യക്തി എന്ന നിലയില്‍ ശ്രീ. മുഹമ്മദ് റിയാസിന്റെയും സ്ത്രീ എന്ന നിലയില്‍ ശ്രീമതി വീണാ വിജയന്റെയും മൗലിക അവകാശങ്ങള്‍ക്കുമേലുള്ള ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായും പ്രസംഗത്തില്‍ നിരവധിയായ അസഭ്യ പ്രസ്താവനകള്‍ ഉണ്ട്. പ്രസ്തുത വസ്തുതകള്‍ മുന്‍നിര്‍ത്തി മനുഷ്യാവകാശ ലംഘനത്തിനും വ്യക്തിഹത്യയ്ക്കും അപവാദ പ്രചരണത്തിനും അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ ഈ മനുഷ്യാവകാശ ദിനത്തില്‍ തന്നെ നിയമപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ഡോ അനിഷ്യ ജയദേവ്
പ്രസിഡണ്ട്

ഡോ ദിവ്യ കെ
സെക്രട്ടറി

സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: petition against abdul rahman kallayi

We use cookies to give you the best possible experience. Learn more