Football
'പി.എസ്.ജിയില്‍ കടിച്ചുതൂങ്ങി നില്‍ക്കേണ്ട താരമല്ല നെയ്മര്‍'; സൂപ്പര്‍താരത്തിന് ഉപദേശവുമായി മുന്‍ ആഴ്‌സണല്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 29, 04:06 am
Monday, 29th May 2023, 9:36 am

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ഉപദേശവുമായി മുന്‍ ആഴ്സണല്‍ മിഡ്ഫീല്‍ഡര്‍ ഇമ്മാനുവല്‍ പെറ്റിറ്റ്. നെയ്മര്‍ക്ക് പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ കടിച്ചുതൂങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്നും ലയണല്‍ മെസി ചെയ്യുന്നതുപോലെ ക്ലബ്ബ് വിടണമെന്നും പെറ്റിറ്റ് പറഞ്ഞു. റോഥന്‍സ് എന്‍ഫ്ളാം എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി നെയ്മര്‍ പി.എസ്.ജിയില്‍ പലതും സഹിക്കുന്നു. അദ്ദേഹം അവിടം വിടണം. മെസിയെ പോലെ ചെയ്യൂ. നെയ്മര്‍ക്കും പി.എസ്.ജിക്കും അതാണ് നല്ലത്. ആ കഥ അവിടെ അവസാനിക്കട്ടെ,’ പെറ്റിറ്റ് പറഞ്ഞു.

പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. ലീഗ് വണ്ണില്‍ ലോസ്‌ക് ലില്ലിക്കെതിരായ മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും ഈ സീസണില്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, നെയ്മര്‍ പി.എസ്.ജി വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോവുകയാണെങ്കില്‍ അദ്ദേഹത്തിനവിടെ തിളങ്ങാനാകുമെന്ന് ബ്രസീലിയന്‍ അറ്റാക്കര്‍ വില്ല്യന്‍ പറഞ്ഞിരുന്നു. നെയ്മര്‍ ലോകത്തുള്ള ഏത് ക്ലബ്ബില്‍ പോയി കളിച്ചാലും മികവ് പുലര്‍ത്താനാകുമെന്നും താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുമോ എന്ന് മാത്രമെ ഇനി അറിയാനുള്ളൂവെന്നും വില്ല്യന്‍ പറഞ്ഞു. ദി അത്ലെറ്റിക്കിന് നല്‍കിയ അഭിമുഖത്തിലാണ് വില്ല്യന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

പി.എസ്.ജിയുമായുള്ള കരാര്‍ 2027 വരെ നിലനില്‍ക്കെ ഈ സീസണിന്റെ അവസാനത്തോടെ താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

2017ല്‍ 223 മില്യണ്‍ യൂറോയുടെ ലോക റെക്കോഡ് ട്രാന്‍സ്ഫറിലാണ് പി.എസ്.ജി നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എന്നാല്‍ പരിക്കുകള്‍ തുടര്‍ച്ചയായി വേട്ടയാടാന്‍ തുടങ്ങിയതോടെ താരത്തിന് പി.എസ്.ജിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇഞ്ച്വറി കാരണം 100ലധികം മത്സരങ്ങളാണ് നെയ്മര്‍ക്ക് പി.എസ്.ജിയില്‍ നഷ്ടമായത്.

Content Highlights: Petit wants Neymar to leave PSG in the end of the season