മുംബൈ: ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ “സ്റ്റാര്‍ ഇന്ത്യ” മേധാവിയും ഷീന ബോറ കൊലക്കേസ് പ്രതിയുമായ പീറ്റര്‍ മുഖര്‍ജി.
തനിക്ക് 64 വയസ്സായെന്നും ജാമ്യത്തിലിറങ്ങിയാലും വിചാരണ നല്ല നിലയില്‍ നടക്കുമെന്നും ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പീറ്റര്‍, അഭിഭാഷകന്‍ മുഖേന സി.ബി.ഐ കോടതിയില്‍ അറിയിച്ചു.
പീറ്ററുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. കേസിലെ പ്രധാന സാക്ഷിയായ പീറ്ററുടെ മകന്‍ രാഹുല്‍ മുഖര്‍ജിയെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ പീറ്ററുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്.
പീറ്റര്‍ “നിശബ്ദ കൊലയാളി”യാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മകന്റെ ഭാവി വധുവായിട്ടും കാണാതായ ഷീന ബോറയെ കുറിച്ച് അന്വേഷിക്കാന്‍ പീറ്റര്‍ വിമുഖത കാട്ടിയതായും കൊലപാതക ഗൂഡാലോചനയില്‍ കൃത്യമായ പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.
2015 മുതല്‍ പീറ്റര്‍ ജയിലിലാണ്. അറസ്റ്റിലാകുന്നത് വരെ പീറ്റര്‍ രാഹുലിന് ഒപ്പമാണ് കഴിഞ്ഞതെന്നും സ്വാധീനിക്കാനായിരുന്നുവെങ്കില്‍ അന്ന് അതാകാമായിരുന്നുവെന്നും പീറ്ററുടെ അഭിഭാഷകന്‍ പ്രതിവാദമുന്നയിച്ചു.
കൊല നടക്കുമ്പോള്‍ താന്‍ ലണ്ടനിലായിരുന്നുവെന്നാണ് മുമ്പ് പീറ്റര്‍ കോടതിയില്‍ പറഞ്ഞത്. പാകിസ്താനിലെ ഹാഫിസ് സഈദ് മുംബൈയില്‍ എത്തിയല്ല ഭീകരാക്രമണം നടത്തിയതെന്നായിരുന്നു ഇതിന് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി.
പീറ്ററുടെ രണ്ടാം ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന. വിവാഹ സമയത്ത് സഹോദരിയായിട്ടാണ് ഇന്ദ്രാണി ഷീനയെ പീറ്ററിനും കുടുംബത്തിനും പരിചയപ്പെടുത്തിയത്.
രണ്ടാനമ്മയുടെ മകളെന്നറിയാതെ രാഹുല്‍ ഷീനയുമായി പ്രണയത്തിലാവുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് 2012 ഏപ്രിലില്‍ ഷീനയെ കാണാതായി.
2015ലാണ് ഷീനയെ കൊന്ന് കത്തിച്ച ജഡം റാലിഗഡിലെ വിജനമായ പ്രദേശത്ത് തള്ളിയതായി കണ്ടെത്തിയത്. ഇന്ദ്രാണി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരും ജയിലിലാണ്. കൊലപാതകം വെളിച്ചെത്തു കൊണ്ടുവന്ന ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് കേസില്‍ മാപ്പുസാക്ഷിയായി മാറി.