വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ ആ രജിനി ചിത്രത്തിന് ഫൈറ്റ് കൊറിയോഗ്രഫി ചെയ്തത്: പീറ്റര്‍ ഹെയ്ന്‍
Entertainment
വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ ആ രജിനി ചിത്രത്തിന് ഫൈറ്റ് കൊറിയോഗ്രഫി ചെയ്തത്: പീറ്റര്‍ ഹെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th July 2024, 2:55 pm

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രഫര്‍മാരില്‍ ഒരാളാണ് പീറ്റര്‍ ഹെയ്ന്‍. മിന്നലേ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ കൊറിയോഗ്രഫറായി കരിയര്‍ ആരംഭിച്ച പീറ്റര്‍ ഹെയ്ന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2016ല്‍ മോഹന്‍ലാല്‍ നായകനായ പുലിമുരുകന് ആക്ഷന്‍ രംഗങ്ങളൊരുക്കിക്കൊണ്ട് മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു.

ആ വര്‍ഷത്തെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ അവാര്‍ഡ് പുലിമുരുകനിലൂടെ പീറ്റര്‍ ഹെയ്ന്‍ സ്വന്തമാക്കി. സംഘട്ടന രംഗങ്ങളുടെ ചിത്രീകരണത്തിനിടെ പല തവണ പീറ്റര്‍ ഹെയ്‌ന് അപകടം സംഭവിച്ചിട്ടുണ്ട്. ചെറുതും വലുതുമായി 100ലധികം ഫ്രാക്ചറുകള്‍ തനിക്ക് പറ്റിയിട്ടുണ്ടെന്നും അതിനിടയിലും ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ടെന്നും പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ എന്തിരന് ഫൈറ്റ് കൊറിയോഗ്രഫി ചെയ്ത അനുഭവം പങ്കുവെക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. കാലിനും തോളിനും പരിക്ക് പറ്റിയ സമയത്ത് വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് താന്‍ എന്തിരന് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തതെന്ന് പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഓരോന്നും വിവരിക്കുന്ന തന്നെക്കണ്ട് രജിനികാന്ത് തന്നെ കെട്ടിപ്പിടിച്ചുവെന്നും പീറ്റര്‍ ഹെയ്ന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഇടിയന്‍ ചന്തുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പീറ്റര്‍ ഹെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

‘ചെറുതും വലുതുമായി 100ലധികം ഫ്രാക്ചറുകള്‍ എന്റെ ശരീരത്തില്‍ ഉണ്ടായിട്ടുണ്ട്. വളരെ റിസ്‌കുള്ള സ്റ്റണ്ട് ചെയ്യുമ്പോള്‍ അതിന്റെ അപകടം നേരിടാനും നമ്മള്‍ തയാറാകണം. ചില സിനിമകളുടെ ഷൂട്ടിനിടയ്ക്ക് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ആ പരിക്കും കൊണ്ട് സിനിമ പൂര്‍ത്തിയാക്കിയ ഒരുപാട് അനുഭവങ്ങളുമുണ്ട്. നമ്മളുടെ പരിക്ക് കാരണം അത്ര വലിയ സിനിമ നിന്നു പോകാന്‍ പാടില്ല എന്ന നിര്‍ബന്ധം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.

അങ്ങനെ പൂര്‍ത്തിയാക്കിയ സിനിമയാണ് എന്തിരന്‍. മൂന്നാഴ്ച പൂര്‍ണമായും ബെഡ് റെസ്റ്റ് വേണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഞാന്‍ അത് അവഗണിച്ചു. വീല്‍ചെയറില്‍ എന്തിരന്റെ സെറ്റിലേക്ക് പോയി. ഇരുന്നുകൊണ്ട് ഓരോന്നും പറഞ്ഞുകൊടുത്തു. രജിനി സാര്‍ ആ സമയം സെറ്റിലേക്ക് വന്നു. ഞാന്‍ ഈ ചെയ്യുന്നത് കണ്ട് അദ്ദേഹം എന്റെയടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു. അതൊക്കയൊണ് ഈ പ്രൊഫഷന്റെയിടക്ക് നമുക്ക് കിട്ടുന്ന അവാര്‍ഡുകള്‍,’ പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

Content Highlight: Peter Hein shares the experience of Enthiran movie