ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രഫര്‍മാരില്‍ ഒരാളാണ് പീറ്റര്‍ ഹെയ്ന്‍. മിന്നലേ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ കൊറിയോഗ്രഫറായി കരിയര്‍ ആരംഭിച്ച പീറ്റര്‍ ഹെയ്ന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
2016ല്‍ മോഹന്‍ലാല്‍ നായകനായി പുലിമുരുകന് ആക്ഷന്‍ രംഗങ്ങളൊരുക്കിക്കൊണ്ട് മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ആ വര്‍ഷത്തെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് പുലിമുരുകനിലൂടെ പീറ്റര്‍ ഹെയ്ന്‍ സ്വന്തമാക്കി. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അനുകരിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഒരു ആക്ഷന്‍ രംഗം 30 ടേക്ക് വരെ പോയിരുന്നെന്നും ഓരോ തവണയും എനര്‍ജി ഒട്ടും കുറയാതെ മോഹന്‍ലാല്‍ ആ ഷോട്ട് ചെയ്തപ്പോള്‍ സെറ്റിലുള്ളവര്‍ മുഴുവന്‍ കൈയടിയായിരുന്നെന്നും പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.
സിനിമയോട് മോഹന്‍ലാല്‍ കാണിക്കുന്ന കമ്മിറ്റ്‌മെന്റ് എത്രത്തോളമാണ് അന്ന് മനസിലായെന്നും അത് കണ്ടപ്പോളാണ് മോഹന്‍ലാലിനെ എന്തുകൊണ്ട് എല്ലാവരും ലെജന്‍ഡ് എന്ന് വിളിക്കുന്നതെന്ന് മനസിലായതെന്നും പീറ്റര്‍ ഹെയ്ന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഇടിയന്‍ ചന്തുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പീറ്റര്‍ ഹെയ്ന്‍ ഇക്കാര്യം പറഞ്ഞത്.
‘സിനിമ മാത്രമാണ് എന്റെ ജീവിതം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. എത്ര അപകടമുണ്ടായാലും ഈ ഫീല്‍ഡ് വിടാത്തതിന്റെ കാരണവും അതാണ്. പുലിമുരുകന്‍ ചെയ്ത സമയത്ത് എന്റെ മനസില്‍ ഉണ്ടായിരുന്ന ചിന്ത മോഹന്‍ലാല്‍ സാറിന്റെയടുത്ത് നിന്ന് എന്തെങ്കിലും പഠിക്കാമെന്ന് മാത്രമാണ്.
അതില്‍ മൂന്ന് മരത്തില്‍ ചാടിച്ചാടി പോകുന്ന ഒരു ഷോട്ടുണ്ട്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ അത് കട്ട് ചെയ്ത് കാണിക്കാമായിരുന്നു. പക്ഷേ ഒരു ലൈഫ് തോന്നണമെന്നുള്ളതുകൊണ്ട് ഒറ്റ ഷോട്ടില്‍ എടുക്കാന്‍ തീരുമാനിച്ചു. 30 ടേക്ക് പോയിട്ടാണ് അത് ഓക്കെയായത്.
ഓരോ ടേക്കിലും സെറ്റ് മൊത്തം കൈയടിയായിരുന്നു. ഓരോ ഷോട്ടിലും സെയിം എനര്‍ജിയില്‍ ലാലേട്ടന്‍ അത് ചെയ്യുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തെ എന്തുകൊണ്ടാണ് ലെജന്‍ഡ് എന്ന് വിളിക്കുന്നതിന്റെ കാരണം എനിക്ക് മനസിലായത്,’ പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.
Content Highlight: Peter Hein about Mohanlal’s Fight sequences in Pulimurugan