ഇത്രയും വലിയ ആക്ഷന്‍ മമ്മൂട്ടി സാര്‍ ചെയ്യില്ലെന്ന് പലരും എന്നോട് പറഞ്ഞു, പക്ഷേ അദ്ദേഹം വിട്ടുകൊടുക്കാന്‍ തയാറാവാത്ത ആളായിരുന്നു: പീറ്റര്‍ ഹെയ്ന്‍
Entertainment
ഇത്രയും വലിയ ആക്ഷന്‍ മമ്മൂട്ടി സാര്‍ ചെയ്യില്ലെന്ന് പലരും എന്നോട് പറഞ്ഞു, പക്ഷേ അദ്ദേഹം വിട്ടുകൊടുക്കാന്‍ തയാറാവാത്ത ആളായിരുന്നു: പീറ്റര്‍ ഹെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st July 2024, 11:07 pm

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രഫര്‍മാരില്‍ ഒരാളാണ് പീറ്റര്‍ ഹെയ്ന്‍. മിന്നലേ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ കൊറിയോഗ്രഫറായി കരിയര്‍ ആരംഭിച്ച പീറ്റര്‍ ഹെയ്ന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2016ല്‍ മോഹന്‍ലാല്‍ നായകനായ പുലിമുരുകന് ആക്ഷന്‍ രംഗങ്ങളൊരുക്കിക്കൊണ്ട് മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ആ വര്‍ഷത്തെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ അവാര്‍ഡ് പുലിമുരുകനിലൂടെ പീറ്റര്‍ ഹെയ്ന്‍ സ്വന്തമാക്കി.

മമ്മൂട്ടി നായകനായ മധുരരാജയിലെ സംഘട്ടനരംഗങ്ങളൊരുക്കിയതും പീറ്റര്‍ ഹെയ്‌നായിരുന്നു. മമ്മൂട്ടി അതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഫൈറ്റുകളായിരുന്നു മധുരരാജയില്‍. മമ്മൂട്ടിയെക്കൊണ്ട് അത്തരം രംഗങ്ങള്‍ ചെയ്യിച്ച അനുഭവം പങ്കുവെക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ഒരു നടന് വേണ്ടിയും താന്‍ അഡ്ജസ്റ്റമെന്റ് നടത്താറില്ലെന്നും ആ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ട കാര്യങ്ങളാണ് ചെയ്തിരുന്നതെന്ന് പീറ്റര്‍ ഹെയിന്‍ പറഞ്ഞു.

താന്‍ ചെയ്തുവെച്ച അറേഞ്ച്‌മെന്റുകള്‍ കണ്ടിട്ട്, മമ്മൂക്ക ഇത്രയും വലിയ ആക്ഷനൊന്നും ചെയ്യില്ലെന്ന് പറഞ്ഞുവെന്നും എന്നാല്‍ മമ്മൂട്ടി എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആ ആക്ഷനുകളെല്ലാം ചെയ്‌തെന്നും പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു. അത്രയും റോപ്പുകള്‍ ഉപയോഗിച്ച് ശീലമില്ലാത്ത മമ്മൂട്ടി തന്നോട് ഓരോ സംശയവും ചോദിച്ചുകൊണ്ടിരുന്നെന്നും പീറ്റര്‍ ഹെയ്ന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഇടിയന്‍ ചന്തുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ഒരു നടന് വേണ്ടിയും ആക്ഷന്‍ രംഗങ്ങളില്‍ ഞാന്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തിയിട്ടില്ല. മലയാളത്തിലും അതുപോലെ തന്നെയായിരുന്നു. മധുരരാജയില്‍ ഢാന്‍ വര്‍ക്ക് ചെയ്ത സമയത്ത്, ആ സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് എന്താണോ ആവശ്യം അത് കൃത്യമായി ചെയ്തിരുന്നു. പലരും എന്നോട് പറഞ്ഞത്, ഇത്രയും വലിയ ആക്ഷനൊന്നും മമ്മൂക്ക ചെയ്യില്ല എന്നാണ്.

പക്ഷേ മമ്മൂക്ക അതെല്ലാം വളരെ കൃത്യമായി ചെയ്തു. ഓടി വന്ന് ചാടി ചവിട്ടിയതെല്ലാം റോപ്പിന്റെ സഹായത്തിലായിരുന്നു. എല്ലാ ഷോട്ടിലും അദ്ദേഹം എന്നോട് സംശയം ചോദിക്കും, ‘ റോപ്പെല്ലാം കറക്ടാണോ, എന്നെ താങ്ങുമോ’ എന്നൊക്കെ. അത്രയും റോപ്പുപയോഗിച്ചുകൊണ്ട്  പുള്ളി അതുവരെ ഫൈറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല,’ പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

Content Highlight: Peter Hein about Mammootty’s Stunt in Madhuraraja movie