മെസിയുമായുള്ള താരതമ്യപ്പെടുത്തലുകളോടുള്ള ക്രിസ്റ്റ്യാനോയുടെ പ്രതികരണത്തെ കുറിച്ച് മുന്‍ മാഞ്ചസ്റ്റര്‍ താരം റിയോ ഫെര്‍ഡിനന്റ് പറഞ്ഞതിനെ കുറിച്ച് പീറ്റര്‍ ക്രൗച്ച്.
ഏറെ നേരം കണ്ണാടിക്ക് മുമ്പില്‍ ചെലവിടുന്ന ക്രിസ്റ്റ്യാനോയുടെ ശീലത്തെ കുറിച്ചും റിയോ സംസാരിച്ചിരുന്നെന്ന് പീറ്റര്‍ പറയുന്നു.
ഇംഗ്ലണ്ട് ദേശീയ ടീമിലെ അംഗങ്ങളായിരുന്ന ഫെര്‍ഡിനന്റും താനും ഒഴിവ് സമയങ്ങളില്‍ മെസിയും റൊണാള്‍ഡോയെ കുറിച്ചും പറയാറുണ്ടായിരുന്നു എന്നാണ് ക്രൗച്ച് പറയുന്നത്.
മാഞ്ചസ്റ്ററിലായിരുന്ന സമയത്ത് റൊണാള്‍ഡോ കണ്ണാടിക്ക് മുമ്പില്‍ നിന്ന് തന്റെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും തന്നെ മെസിയുമായി താരതമ്യം ചെയ്യാറുണ്ടായിരുന്നുവെന്നും അന്നത്തെ മാഞ്ചസ്റ്റര്‍ താരമായിരുന്ന ഫെര്‍ഡിനന്റ് തന്നോട് പറഞ്ഞതിനെ കുറിച്ചാണ് ക്രൗച്ച് പറയുന്നത്.
ഡെയ്‌ലി മെയ്‌ലിലെ തന്റെ കോളത്തിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് എഴുതിയത്.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കണ്ണാടിക്ക് മുമ്പില്‍ നഗ്നനായി നില്‍ക്കുകയും തന്റെ മുടിയിലൂടെ കയ്യോടിച്ച് ഞാന്‍ എന്ത് സുന്ദരനാണ് എന്ന് പറയുന്നതിനെ കുറിച്ചുള്ള കഥകളെല്ലാം റിയോ ഫെര്‍ഡിനന്റ് ഞങ്ങളോട് പറയാറുണ്ടായിരുന്നു,’ ക്രൗച്ച് പറയുന്നു.
എന്നാല്‍ മാഞ്ചസ്റ്ററിലെ സഹതാരങ്ങള്‍ മെസിയാണ് മികച്ച ഫുട്‌ബോളര്‍ എന്ന് പറയുമ്പോള്‍ അദ്ദേഹം എന്നെ പോലെയാണോ എന്ന് റൊണാള്‍ഡോ തിരിച്ച് ചോദിക്കുമായിരുന്നുവെന്നും ക്രൗച്ച് പറയുന്നു.
‘ആ സമയം മറ്റ് യുണൈറ്റഡ് താരങ്ങളെല്ലാം തന്നെ മെസിയാണ് റൊണാള്‍ഡോയെക്കാള്‍ മികച്ച കളിക്കാരന്‍ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വിന്‍ഡ് ചെയ്യാന്‍ ശ്രമിക്കും.
അപ്പോള്‍ അദ്ദേഹം തന്റെ തോളുകള്‍ കുലുക്കി ചിരിച്ചുകൊണ്ട് ‘ആഹ്, അതെ. പക്ഷേ മെസി കാണാന്‍ ഇങ്ങനെയല്ലല്ലോ…’ എന്ന് പറയും,’ ക്രൗച്ച് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മോഡേണ്‍ ഡേ ഫുട്‌ബോളിന്റെ മനോഹാരിതയായിരുന്നു മെസി – റൊണാള്‍ഡോ എന്നിവരിലൂടെ ലോകം കണ്ടത്. അഞ്ച് ബാലണ്‍ ഡി ഓറും റയല്‍ മാഡ്രിഡിനൊപ്പം നിരവധി ചാമ്പ്യന്‍സ് ലീഗ് കിരീടവും താരം സ്വന്തമാക്കിയിരുന്നു.
മാഞ്ചസ്റ്ററില്‍ നിന്നും താരം റയലിലെത്തിയപ്പോള്‍ എല്‍ ക്ലാസിക്കോയില്‍ മെസിയുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തിരുന്നു. റയലില്‍ റൊണാള്‍ഡോയും ബാഴ്‌സയില്‍ മെസിയുമുള്ളപ്പോഴുള്ള ആരവവും ആവേശവും ഇപ്പോഴുള്ള എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്കില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
Content highlight: Peter Crouch on what Ronaldo says about Messi