സംസ്ഥാനത്ത് പാചകത്തിനായി ഉപയോഗിക്കുന്ന കറി മസാലകളില്‍ കൂടിയ തോതില്‍ മാരകവിഷമുള്ള കീടനാശിനികള്‍ കലര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍. എറണാകുളത്തെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്ത 25 ശതമാനം സാമ്പിളുകളിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്.
മാരക വിഷാംശം ഉള്ള എത്തിയോണ്‍ ആണ് കറിമസാലകളില്‍ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന പ്രമുഖ ബ്രാന്‍ഡുകളായ ഡബിള്‍ ഹോഴ്‌സിന്റെയും ഈസ്റ്റേണ്‍ കറി പൗഡറിന്റെയും വിപണിയിലെത്തിക്കുന്ന പാക്കറ്റുകളിലാണ് വിഷാംശം കൂടുതലായി കണ്ടെത്തിയത്.
ഇതാദ്യമായല്ല ഇത്തരത്തില്‍ വിഷാംശം കണ്ടെത്തുന്നത്. നേരത്തേ കാഡ്മിയം ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതിന്റെ പേരില്‍ നിരവധി വിവാദങ്ങള്‍ ഈസ്റ്റേണ്‍ കറിപൗഡറിന്റെ പേരില്‍ ഉണ്ടായിട്ടുണ്ട്.
എത്തിയോണ്‍ കൂടുതല്‍ അളവില്‍ ശരീരത്തിലെത്തുന്നത് മാരക രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുമാത്രമല്ല ചിലപ്പോള്‍ മരണം വരെ സംഭവിക്കാന്‍ എത്തിയോണ്‍ സാന്നിദ്ധ്യം കാരണമാകുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്രയും അപകടകരമായിരുന്നിട്ടും സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ നടപടികളെടുക്കാന്‍ കാലതാമസം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂര്‍ സ്വദേശി ലിയോനാര്‍ഡ് ജോണ്‍ നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയിന്‍മേലാണ് കറിപൗഡറുകളില്‍ അമിതമായ തോതില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. 2017-2018 കാലയളവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 94 കറിപൗഡര്‍ സാമ്പിളുകളില്‍ 22 എണ്ണത്തിലും എത്തിയോണ്‍ കലര്‍ന്നതായി അനലിറ്റിക്കല്‍ ലാബോറട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് ഉപയോഗിക്കുന്നവയില്‍ എത്തിയോണ്‍ സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്നത് മുളക്‌പൊടി, ജീരകപ്പൊടി, തുടങ്ങിയവയിലാണ്. ഇവയില്‍ എത്തിയോണ്‍ കൂടാതെ ട്രയാസോഫോസ്, എത്തിയോണ്‍ ക്ലോറോപൈറിഫോസ്, ബിഫെന്‍ത്രിന്‍ തുടങ്ങിയവയുടെ അംശവും കൂടിയ തോതില്‍ കാണപ്പെടുന്നു.
READMORE:കാലവര്‍ഷം കനത്തപ്പോഴും കുടിവെള്ളം കിട്ടാതെ അറക്കുളം നിവാസികള്‍ ദുരിതത്തില്‍
ഈ അംശങ്ങള്‍ അടങ്ങിയതിനാല്‍ ഇവ ഭക്ഷ്യയോഗ്യമല്ലെന്നാണ് അനലിറ്റിക്കല്‍ ലബോറട്ടറി പരിശോധനാഫലത്തില്‍ പറയുന്നത്.
എത്തിയോണ്‍ ശരീരത്തിലെത്തിയാലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍
കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന കീടനാശിനിയാണ് എത്തിയോണ്‍. കുട്ടികളില്‍ വിളര്‍ച്ചക്കുറവ്, ജനിതകവൈകല്യം എന്നിവ സൃഷ്ടിക്കാന്‍ ഇത് കാരണമാകുന്നു.
മുതിര്‍ന്നവരില്‍ മുട്ടുവേദന, കാഴ്ചശക്തി കുറയല്‍, ഓര്‍മ്മ നശിക്കല്‍ തുടങ്ങിയവയ്ക്കും എത്തിയോണ്‍ കാരണമാകുന്നു. അമേരിക്കയിലെ കോര്‍നെല്‍ സര്‍വകലാശാല വിഭാഗം നടത്തിയ പഠനത്തിലാണ് എത്തിയോണ്‍ ശരീരത്തിലെത്തിയാല്‍ ഈ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയത്. ഇവ ആന്തരികാവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും കോര്‍നെല്‍ യൂണിവേഴ്‌സിറ്റി പഠനത്തില്‍ പറയുന്നു.
അതേസമയം ഇത്തരത്തില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ അത് നിഷേധിക്കുകയാണ് പ്രമുഖ കമ്പനികള്‍ ചെയ്തത്. കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗത്തില്‍ നിന്നുമാണ് മുളകുപൊടിയിലും മറ്റ് കറിപൗഡറുകളിലും കീടനാശിനി സാന്നിദ്ധ്യം ഉണ്ടായതെന്നും മനപ്പൂര്‍വ്വം സൃഷ്ടിച്ചതല്ലെന്നുമാണ് ബ്രാന്‍ഡ് മേധാവികളുടെ വാദം.
കറുവപ്പട്ടയ്ക്ക് പകരം വിപണിയിലെത്തുന്ന കാസിയയ്‌ക്കെതിരെ നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച ലിയോനാര്‍ഡ് ജോണ്‍ നല്‍കിയ വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ മാരക വിഷാംശമുള്ള വസ്തുക്കള്‍ ഭക്ഷ്യവസ്തുക്കളില്‍ കലര്‍ന്നിട്ടും നടപടിയെടുക്കാതെ മൗനം പാലിക്കുന്ന ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പരിശോധന റിപ്പോര്‍ട്ട് പോസിറ്റീവായ സ്ഥിതിയ്ക്ക് കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകണമെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ പ്രമുഖ ബ്രാന്‍ഡുകള്‍ തങ്ങള്‍ക്കെതിരെയുള്ള വ്യാജ പ്രചരണമാണിതെന്ന് കാട്ടി വസ്തുത നിരാകരിച്ചിരിക്കുകയാണ്.
ദൃശ്യ മാധ്യമങ്ങളില്‍ ഈ ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നതിലൂടെ കോടികളുടെ ലാഭമാണ് ഈ കമ്പനികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇവയുടെ ക്വാളിറ്റി ടെസ്റ്റ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ഉറപ്പുവരുത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. അതേസമയം പ്രമുഖ ബ്രാന്‍ഡുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയാണിപ്പോള്‍.