| Friday, 10th May 2024, 9:28 pm

പെരുമാനിയെന്ന ഗ്രാമവും വിചിത്രരായ ഒരുകൂട്ടം ആളുകളും; മജുവിന്റെ പെരുമ നിറഞ്ഞ ലോകം

വി. ജസ്‌ന

അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പെരുമാനി. വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ ഒരു കൂട്ടം മനുഷ്യരുടെയും കഥയാണ് ചിത്രം പറയുന്നത്.

വിനയ് ഫോര്‍ട്ട്, ദീപ തോമസ്, സണ്ണി വെയ്ന്‍, ലുക്മാന്‍ അവറാന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ പെരുമാനി മജുവിന്റെ മികച്ച ഒരു ചിത്രം തന്നെയാണ്. നവാസ് വള്ളിക്കുന്ന്, രാധിക രാധാകൃഷ്ണന്‍, വിജിലേഷ്, ഫ്രാങ്കോ എന്നിവരും ഒന്നിച്ച ചിത്രം പെരുമാനിയെന്ന ഗ്രാമത്തെ കുറിച്ചാണ് പറയുന്നത്.

ആ ഗ്രാമത്തിലെ വ്യത്യസ്തരായ കുറേ മനുഷ്യരെയാണ് മജു തന്റെ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. ബഷീറിന്റെ കഥകളില്‍ കണ്ടിട്ടുള്ള കഥാപാത്രങ്ങളോടും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ തസ്രാക്കിലെ ആളുകളോടും സാമ്യം തോന്നുന്ന മനുഷ്യരാണ് ഇവര്‍.

ദൃശ്യാവിഷ്‌ക്കരണ രീതി കൊണ്ടും വ്യത്യസ്തമായ കഥ പറച്ചില്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്ന ചിത്രമാണ് പെരുമാനി. ഒരു ഫാന്റസി ഡ്രാമയായി എത്തിയ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങള്‍ ഉള്‍പെടെ ഒരുപാട് കഥാപാത്രങ്ങള്‍ വന്നുപോകുന്നുണ്ട്. ഇവര്‍ക്കെല്ലാം ഓരോ വിചിത്ര സ്വഭാവങ്ങളാണ് മജു നല്‍കിയിരിക്കുന്നത്.

പെരുമാനിയില്‍ സ്വര്‍ണപല്ലുള്ള ഏക വ്യക്തിയാണ് നാസര്‍. സ്വന്തമായി ജെ.സി.ബിയും ടിപ്പറുമൊക്കെയുള്ള പണക്കാരന്‍. വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ഈ കഥാപാത്രത്തെ മജു മികച്ച രീതിയിലാണ് സിനിമയില്‍ കൊണ്ടുവന്നത്.

നാസറിന്റെ ശിങ്കിടിയായി നടന്ന് അയാളെ വഴി തിരിച്ചു വിടുന്ന കഥാപാത്രമാണ് ഉമൈറിന്റേത്. നാസറിന്റെ ഉള്ളിലേക്ക് സംശയങ്ങളുടെ തീ കോരിയിടുന്നതും ഉമൈര്‍ തന്നെയാണ്.

എല്ലാ നാട്ടിലുമുള്ള പോലെ മറ്റുള്ളവരെ എരിവ് കയറ്റിവിടുന്ന പെരുമാനിയിലെ മറ്റൊരു കഥാപാത്രമാണ് മുക്രി. ചിത്രത്തില്‍ ആ കഥാപാത്രത്തിനുള്ള പ്രാധാന്യം എടുത്ത് പറയേണ്ടത് തന്നെയാണ്. ഗള്‍ഫിലുള്ള ആളെ പോലും വിളിച്ച് നാട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഊതിപെരുപ്പിച്ച് കാണിക്കുന്നതും മുക്രിയാണ്.

തന്നെ കാക്കകള്‍ കൊത്തുന്നത് പേടിച്ച് ചുവന്ന കൊടിയും കയ്യില്‍ പിടിച്ച് നടക്കുന്ന ആളാണ് കാലിയ. ഇടക്ക് തന്റെ പിന്നാലെ വരുന്ന കാക്കകളെ കാണാതെയാകുമ്പോള്‍ തനിക്ക് വല്ലാത്ത ഒറ്റപ്പെടല്‍ തോന്നുന്നുവെന്ന് പറയുന്ന കാലിയ ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രം തന്നെയാണ്.

കാലിയയുടെ നിഴലായി നടന്ന് അയാളുടെ ചുറ്റുമുള്ള കാക്കകള്‍ക്ക് നേരെ കല്ലെറിയുന്ന പെരുമാനിയിലെ കൊച്ചു പയ്യനാണ് അബൂട്ടി. നാട്ടില്‍ എവിടെ കലഹം നടന്നാലും ആ കാര്യമറിയുകയും അത് മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുന്നത് അബൂട്ടിയാണ്.

പെരുമാനിയിലേക്ക് പെട്ടെന്ന് കടന്നുവരുന്ന മറ്റൊരു കഥാപാത്രവുമുണ്ട്. ആളുകള്‍ ഭായിയെന്ന് വിളിക്കുന്ന ഈ കഥാപാത്രത്തിന് പെരുമാനിയില്‍ ഏറെ പ്രാധാന്യമുണ്ട്. ഒരൊറ്റ ഡയലോഗ് പോലും പറയാതെ ആ സിനിമയില്‍ ഉടനീളം വന്നുപോയ ആ കഥാപാത്രത്തിലൂടെയാണ് പെരുമാനിയുടെ കഥ മുന്നോട്ട് പോകുന്നതെന്ന് പോലും തോന്നിയേക്കാം.

ഇവര്‍ക്കൊക്കെ പുറമെ ഒരുപാട് കഥാപാത്രങ്ങള്‍ പെരുമാനിയിലുണ്ട്. ഫാത്തിമയും അബിയും മുജീബും കരീമും ലൈലയും ടിന്റോയും ഇസ്മായിലും സുബൈറും കബീറും റൂബിയുമടക്കം നിരവധിയാളുകളുടെ കഥയാണ് മജു തന്റെ ചിത്രത്തിലൂടെ പറയുന്നത്. സിനിമ കണ്ടിറങ്ങുന്ന ആളുകളുടെ മനസില്‍ തങ്ങി നില്‍ക്കുന്നത് തന്നെയാണ് പെരുമാനിയിലെ ആളുകളെല്ലാം. ഇവരുടെയൊക്കെ കഥയാണ് മജു പെരുമാനിയില്‍ പറഞ്ഞുവെക്കുന്നത്.

Content Highlight: Perumani Village And Strange People In Maju’s World

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more