സ്വര്‍ണപല്ലുള്ള നാസറും 'പെരുമാനി'യുടെ അന്ധവിശ്വാസവും; മജുവിന്റെ തസ്രാക്ക്
Entertainment
സ്വര്‍ണപല്ലുള്ള നാസറും 'പെരുമാനി'യുടെ അന്ധവിശ്വാസവും; മജുവിന്റെ തസ്രാക്ക്
വി. ജസ്‌ന
Friday, 10th May 2024, 4:52 pm

പെരുമാനിയെന്ന ഒരു ഗ്രാമം, വ്യത്യസ്തരായ കുറേ മനുഷ്യര്‍. ബഷീറിന്റെ കഥകളില്‍ കണ്ടിട്ടുള്ള കഥാപാത്രങ്ങളോടും ഒ.വി. വിജയന്റെ തസ്രാക്കിലെ ആളുകളോടും സാമ്യം തോന്നുന്നവര്‍. വിചിത്ര സ്വഭാവങ്ങളുള്ള കുറേയധികം ആളുകള്‍.

വെള്ളി പല്ലുകളുള്ള ആളുകള്‍ക്കിടയില്‍ വായില്‍ അഞ്ചാറു സ്വര്‍ണപല്ലും സ്വന്തമായി ഒരു ജെ.സി.ബിയുമുള്ള നാസറും കാക്കയെ പേടിച്ച് കയ്യില്‍ ചുവന്ന കൊടിയുമായി നടക്കുന്ന കാലിയയും പെരുമാനിയില്‍ എവിടെ കലഹം നടന്നാലും അറിയുന്ന അബൂട്ടിയും ആളുകളെ എരികയറ്റാന്‍ നടക്കുന്ന പള്ളിയിലെ മുക്രിയുമൊക്കെ ഉള്‍പ്പെടുന്നതാണ് ഈ പെരുമാനി ഗ്രാമം. പെട്ടെന്ന് അവിടേക്ക് കടന്നു വരുന്ന ഒരാളിലൂടെയാണ് പെരുമാനിയുടെ കഥ മാറുന്നത്.

അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് പെരുമാനി. വളരെ വ്യത്യസ്തമായ ഗ്രാമത്തിന്റെയും അവിടുത്തെ ഒരു കൂട്ടം മനുഷ്യരുടെയും കഥയാണ് പെരുമാനി പറയുന്നത്.

പെരുമാനിയുടെ മുജിയെന്ന മുജീബായി സണ്ണി വെയ്നും മുജിയുടെ പെങ്ങള്‍ ഫാത്തിമയായി ദീപ തോമസുമാണ് ചിത്രത്തില്‍ എത്തുന്നത്. വിനയ് ഫോര്‍ട്ടാണ് ഫാത്തിമയെ കല്യാണം കഴിക്കാന്‍ നടക്കുന്ന പെരുമാനിയുടെ നാസര്‍.

അബിയായി ലുക്മാന്‍ അവറാനും പെരുമാനിയുടെ കണ്ണും കാതുമായ മുക്രിയായി നവാസ് വെള്ളിക്കുന്നും ചിത്രത്തില്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഒപ്പം റംലയായി രാധിക രാധാകൃഷ്ണനും നാസറിനെ ഓരോന്നും പറഞ്ഞ് പിരികയറ്റുന്ന ഉമൈറായി വിജിലേഷുമാണ് പെരുമാനിയിലുള്ളത്.

അതിനപ്പുറം എണ്ണിയാല്‍ ഒതുങ്ങാത്ത ഒരുപാട് ആളുകളുടെ കഥ പറഞ്ഞ പെരുമാനി ഒരു ഫാന്റസി ഡ്രാമയാണ്. ദൃശ്യാവിഷ്‌ക്കരണ രീതി കൊണ്ടും വ്യത്യസ്തമായ കഥ പറച്ചില്‍ കൊണ്ടും ചിത്രം ഏറെ വേറിട്ടതാണ്.

സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഓരോ വസ്തുക്കളും കളര്‍ പാറ്റേണും ലൊക്കേഷനുമൊക്കെ പെരുമാനിയുടെ ഭംഗി കൂട്ടുന്നു. ഗോപി സുന്ദറിന്റെ സംഗീതവും എടുത്ത് പറയേണ്ടത് തന്നെയാണ്. അഞ്ചു പാട്ടുകളാണ് പെരുമാനിയില്‍ ഉള്ളത്. സിനിമയ്ക്ക് ഏറെ യോജിക്കുന്നതാണ് അവ ഓരോന്നും. കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വ്യത്യസ്തമായ കോസ്റ്റ്യൂമുകളും പെട്ടെന്ന് ശ്രദ്ധിക്കപെടുന്നതാണ്.

പെരുമാനിയെ കാക്കുന്ന തങ്ങളെയും ആ ഗ്രാമത്തെയും ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പെരുമാനിത്തങ്ങളെ വിശ്വസിച്ച് അദ്ദേഹത്തിന്റെ വീരകഥകള്‍ പാടി നടക്കുന്ന ഗ്രാമമാണ് പെരുമാനി. അവിടുത്തെ ആളുകള്‍ക്കിടയിലേക്ക് ചില അന്ധവിശ്വാസങ്ങള്‍ കടന്നു വരുന്നതും നാസറിന്റെ സംശയരോഗവുമാണ് കഥ.

ഗ്രാമത്തിലെ ചായകടയുടെ മുന്നില്‍ പെട്ടെന്ന് ഒരു പോസ്റ്റര്‍ പ്രത്യക്ഷപെടുന്നു. നാസറിന്റെയും ഫാത്തിമയുടെയും കല്യാണത്തെ ചുറ്റിപറ്റി വന്ന പോസ്റ്റര്‍ വലിയ ചര്‍ച്ചയാകുന്നു. ഇതിനിടയില്‍ നാട്ടില്‍ ഒരു ബംഗാളി ഭായി കടന്നു വരുന്നു.

എന്നും കാക്കയെ പേടിച്ച് നടക്കുന്ന കാലിയയുടെ വാല് പോലെ നടക്കുന്ന കുട്ടിയാണ് അബൂട്ടി. അവന്‍ അപ്പോഴാണ് ചുറ്റും കാക്കകളെ കാണാനില്ലെന്ന് ശ്രദ്ധിക്കുന്നത്. നോട്ടിസ് ചര്‍ച്ചയാകുന്ന സമയത്ത് തന്നെ ഫാത്തിമയുടെ വീട്ടിലെ കിണറ്റില്‍ ഒരു പട്ടിയെ കണ്ടെത്തുന്നു.

ആരാകും ആ പട്ടിയെ കിണറ്റില്‍ ഇട്ടത്? നോട്ടീസ് ഒട്ടിച്ച ആളാകുമോ എന്ന സംശയം നാസറിന് ഉണ്ടാകുന്നു. ആ സംശയം പിന്നീട് ഫാത്തിമയാകുമോ ഇതിന് പിന്നിലെന്ന് രീതിയിലേക്ക് മാറുന്നു. നാസറിന്റെ സംശയം വളരുന്നതിനോടൊപ്പം നാട്ടില്‍ വന്ന ഭായിയെ ചുറ്റിപറ്റി കുറേ അന്ധവിശ്വാസങ്ങളും വളരുന്നു.

ഇതിനിടയില്‍ ഫാത്തിമയുടെ സുഹൃത്തായ അബിയിലേക്ക് നാസറിന്റെ സംശയം നീളുന്നു. പിന്നീട് ആ ഗ്രാമത്തില്‍ നടക്കുന്ന രസകരമായ കുറേ കാര്യങ്ങളാണ് പെരുമാനി പറയുന്നത്. കഥ അവസാനിക്കുമ്പോള്‍ സംശയ രോഗിയായ നാസറില്‍ നിന്ന് ഫാത്തിമ രക്ഷപെട്ടെങ്കിലും അന്ധവിശ്വാസങ്ങളില്‍ നിന്ന് പെരുമാനിക്കാര്‍ മോചിക്കപെടുന്നില്ല. ചുറ്റുമുള്ള ലോകത്ത് എന്ത് നടക്കുന്നു എന്നറിയാതെ തങ്ങളുടെ അന്ധവിശ്വാസവുമായി പെരുമാനിക്കാര്‍ അപ്പോഴും ജീവിക്കുന്നു.

സിനിമ കാണുന്നവര്‍ക്ക് ഒരു പിരിമുറുക്കവും ഇല്ലാതെ തുടക്കം മുതല്‍ അവസാനം വരെ പെരുമാനിക്കാരോടൊപ്പം സഞ്ചരിക്കാന്‍ സാധിക്കുന്നു എന്നത് സിനിമയുടെ മേന്മ തന്നെയാണ്. വളരെ ലളിതമായ കഥ പറച്ചിലൂടെ പെരുമാനിയെ മികച്ചതാക്കാന്‍ മജുവിനും സാധിച്ചിട്ടുണ്ട്.

Content Highlight: Perumani Movie Review

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ