| Friday, 4th October 2024, 4:19 pm

സിനിമയും എഴുത്തുകളും ആരെയെങ്കിലും ചൊടിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരാണ്: പെരുമാള്‍ മുരുകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സിനിമകളും എഴുത്തുകളും രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെ ചൊടിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. എതിര്‍ക്കുന്നത് കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, ബി.ജെ.പി ഇവരില്‍ ആരാണെങ്കിലും അവര്‍ സ്വാതന്ത്ര്യത്തിന്റെ മറുപക്ഷത്ത് നില്‍ക്കുന്നവരെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ രണ്ടാം എഡിഷനിൽ സി.  കബനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴിനെ കുറിച്ച് എല്ലാം അറിയുന്നവനാണ് താനെന്ന് ഒരിക്കലും പറയില്ലെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു. തമിഴ് ഭാഷ വിശാലമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ വിവര്‍ത്തന സാഹിത്യം വളരെ കുറവാണെന്നും പെരുമാള്‍ മുരുകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ മലയാളത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്ത ഒരുപാട് കൃതികളുണ്ട് തമിഴില്‍. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, കേശവദാസ് എന്നിവരുടെ കൃതികളെല്ലാം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ആര്‍. മീരയുടെ എഴുത്തുകള്‍ വരെ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു.

ഇംഗ്ലീഷില്‍ നിന്ന് തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഒരുപാട് കൃതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടോള്‍സ്റ്റോയ് ഉള്‍പ്പെടെയുള്ളവ ഇംഗ്ലീഷില്‍ നിന്ന് തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ എഴുത്തുകളില്‍ ജീവികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. തമിഴ് സംസ്‌കാരവും ജീവിതരീതിയും ആട് ഉള്‍പ്പെടെയുള്ള ജീവികളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഗ്രാമത്തിലെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു ആട് ചത്തുപോകുന്നുവെന്ന് കരുതുക. ആ ഗ്രാമത്തിലെ ആളുകള്‍ മനുഷ്യരേക്കാള്‍ ഉപരി ആടിന് പ്രാധാന്യം നല്‍കി വിഷമം പങ്കുവെക്കുമെന്നും വീടുകളിലേക്കെത്തുമെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു.

ഇന്നത്തെ തലമുറ എഴുതുന്ന തമിഴ് കൃതികള്‍ മുന്‍ കാലഘട്ടത്തോട് താരതമ്യം ചെയ്യുമ്പോള്‍ വളരെ മികച്ചതാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ചെറുകഥകള്‍ എഴുതുന്ന ഒരു കൂട്ടം മനുഷ്യര്‍ ഇന്ന് നിലവിലുണ്ട്. മലേഷ്യ, ശ്രീലങ്ക, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് എഴുതുന്നവരുമുണ്ടെന്നും പെരുമാള്‍ മുരുകന്‍ ചൂണ്ടിക്കാട്ടി.

തങ്ങള്‍ കടന്നുപോകുന്ന പ്രവാസ ജീവിതമാണ് അവര്‍ തമിഴ് ഭാഷയില്‍ എഴുതികൊണ്ടിരിക്കുന്നതെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു. അതേസമയം പഴയകാല കൃതികളേക്കാള്‍ ഉപരി ഇന്നത്തെ യുവതലമുറയുടെ എഴുത്തുകള്‍ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും പെരുമാള്‍ മുരുകന്‍ പറയുന്നു.

ഒരു വിഷയത്തെ കുറിച്ച് എഴുതാന്‍ തീരുമാനിക്കുമ്പോള്‍ ഒരു എഴുത്തുകാരന്‍ അതിന്മേല്‍ കുറച്ചധികം പണിയെടുക്കേണ്ടതുണ്ട്. അല്ലാതെ മനസില്‍ നിന്ന് എല്ലാ ഭാവനകളും ഉടനടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി എഴുതാനുള്ള ശ്രമങ്ങളും നീക്കങ്ങളും താന്‍ നടത്തുന്നുണ്ടെന്നും പെരുമാള്‍ മുരുകന്‍ പറയുകയുണ്ടായി.

ഇന്നത്തെ കാലത്ത് നാം സംസാരിക്കാതിരുന്നാല്‍ ഒരു കാര്യവും മുന്നോട്ടുപോകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്‍സര്‍ഷിപ്പ് ആവശ്യമാണോ വേണ്ടയോ എന്നതില്‍ തീരുമാനമുണ്ടാകണമെങ്കില്‍ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടില്‍ വിമോചന നീക്കങ്ങളാരംഭിച്ച 1920ല്‍ നിന്ന് തങ്ങളുടെ സമൂഹം ഒരുപാട് മാറിയെന്നും പെരുമാള്‍ മുരുകന്‍ പറയുകയുണ്ടായി. ദളിതരും പെണ്‍കുട്ടികളുമാണ് ലിറ്ററേച്ചര്‍ കൂടുതലായും പഠിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ രക്ഷിതാക്കളണെന്ന് വിദ്യാര്‍ത്ഥികള്‍ പറയും. തൊഴില്‍ ലഭിക്കണമെങ്കില്‍ പെണ്‍കുട്ടികള്‍ ലിറ്ററേച്ചര്‍ പടിക്കണമെന്നാണ് രക്ഷിതാക്കളുടെ പക്ഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

Content Highlight: Perumal Murugan talks about freedom of expression

We use cookies to give you the best possible experience. Learn more