ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ പൈര്‍ (Pyre) എന്ന നോവല്‍ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസിന്റെ മത്സര പട്ടികയില്‍ ഇടം പിടിച്ചു. പട്ടികയിലിടം നേടുന്ന ആദ്യ തമിഴ് സാഹിത്യകാരനാണ് പെരുമാള്‍ മുരുകന്‍. പൈര്‍ ഉള്‍പ്പെടെ 13 പുസ്തകങ്ങളാണ് പട്ടികയിലുള്ളത്.
ദുരഭിമാനക്കൊല പ്രതിപാദ്യ വിഷയമാകുന്ന നോവല്‍ 2013ല്‍ ‘പൂക്കുഴി’ എന്ന പേരിലാണ് തമിഴില്‍ പുറത്തിറങ്ങിയത്. 2017ല്‍ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അനിരുദ്ധന്‍ വാസുദേവനാണ് നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
പുസ്തകം ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് പട്ടികയില്‍ ഇടം പിടിച്ചത് സന്തോഷം നല്‍കുന്നുവെന്നും ദുരഭിമാനക്കൊല എന്ന വിഷയം നോവലിന്റെ പശ്ചാത്തലമാക്കുമ്പോള്‍ ജനങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും മുരുകന്‍ പറഞ്ഞു.
‘ഒരു നോവല്‍ സമൂഹത്തില്‍ ഉടനടി മാറ്റങ്ങള്‍ വരുത്തുമെന്ന് കരുതുന്നില്ല. എന്നാല്‍ ആശയങ്ങള്‍ പ്രചരിക്കപ്പെടും. സാഹിത്യത്തിലും സിനിമയിലും വാര്‍ത്തകളിലുമെല്ലാം ദുരിമാനക്കൊല ചര്‍ച്ചയാകുമ്പോള്‍ ആളുകളെ അത് സ്വാധീനിച്ചേക്കാം,’ മുരുകന്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലക്ക് ഇരയായ ഇളവരശനാണ് പുസ്തകത്തിന്റെ തമിഴ് പതിപ്പ് സമര്‍പ്പിച്ചിരിക്കുന്നത്. മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ദളിത് യുവാവായ ഇളവരശന്‍ കൊല്ലപ്പെടുന്നത്.
വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ‘മാതാരുഭാഗന്‍’ ഉള്‍പ്പെടെ പത്തോളം നോവലുകളും നിരവധി കഥാസമാഹാരങ്ങളും മുരുകന്‍ എഴുതിയിട്ടുണ്ട്.
മതവികാരം വ്രണപ്പെടൂത്തുന്നുവെന്ന് ആരോപിച്ച് മാതാരുഭാഗനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തു വന്നതിനെ തുടര്‍ന്ന്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നകയറ്റത്തിനെതിരെ എഴുത്ത് അവസാനിപ്പിച്ച് പ്രതിഷേധിച്ച സാഹിത്യകാരനായിരുന്നു പെരുമാള്‍ മുരുകന്‍. നാളുകള്‍ കഴിഞ്ഞാണ് അദ്ദേഹം എഴുത്ത് ലോകത്തേക്ക് മടങ്ങി വന്നത്.
മെയ് 23നാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് വിജയിയെ പ്രഖ്യാപിക്കുന്നത്. 50,000 പൗണ്ടാണ് അവാര്‍ഡ് തുക. നോവലിസ്റ്റിനും ട്രാന്‍സിലേറ്റര്‍ക്കും തുല്യമായി അവാര്‍ഡ് തുക വീതിച്ചു നല്‍കും. 2022ല്‍ ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാന്‍ഡ് (Tomb Of Sand) എന്ന പുസ്തകം ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസിന് അര്‍ഹമായിരുന്നു.
Content Highlight: Perumal Murugan’s book shortlisted for the International Booker Prize