|

'പുറംമ്പോക്ക്' തിരിച്ചുപിടിക്കാനുള്ള സംഗീത സമരം: ടി.എം കൃഷ്ണയുടെ ഗാനത്തിന് പെരുമാള്‍ മുരുകനെഴുതിയ അസ്വാദനം മലയാളികള്‍ക്കും വായിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്നോറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കു വിരല്‍ചൂണ്ടുന്നതാണ് ടി.എം കൃഷ്ണയുടെ “പുറമ്പോക്ക്” എന്ന ഗാനം. ഈ ഗാനത്തിന് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ തയ്യാറാക്കിയ ആസ്വാദനം. പുറമ്പോക്ക് എന്നതിന് തമിഴിലെ അര്‍ത്ഥം തന്നെയാണ് ഏറെക്കുറെ മലയാളത്തിലും. പുറമ്പോക്കെന്ന ഈ ആല്‍ബവും പെരുമാള്‍ മുരുകന്റെ ആസ്വാദനവും ഉയര്‍ത്തുന്ന രാഷ്ട്രീയം മലയാള ഭാഷയ്ക്കും കേരളീയ സമൂഹത്തിനും ബാധകമായതിനാല്‍ ഡൂള്‍ന്യൂസ് ഇതു മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു.


PERUMS

മൂന്ന് താപവൈദ്യുതി നിലയങ്ങളുടെ ചവറ്റുകൊട്ടയായി മാറി നശിച്ചുകൊണ്ടിരിക്കുന്ന വടക്കന്‍ ചെന്നൈയിലെ
എന്നോറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കു വിരല്‍ചൂണ്ടുന്നതാണ് ടി.എം കൃഷ്ണയുടെ “പുറമ്പോക്ക്” എന്ന ഗാനം. ജനുവരി 14ന് ചെന്നൈയിലെ ബസന്ത് നഗറില്‍വെച്ചാണ് ഈ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയത്. ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധനേടിയ ഈ ഗാനത്തിന് തമിഴില്‍ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ തയ്യാറാക്കിയ ആസ്വാദനം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി ദ വയര്‍ പ്രസിദ്ധീകരിച്ചിരുന്നു. പുറമ്പോക്ക് എന്നതിന് തമിഴിലെ അര്‍ത്ഥം തന്നെയാണ് ഏറെക്കുറെ മലയാളത്തിലും. പുറമ്പോക്കെന്ന ഈ ആല്‍ബവും പെരുമാള്‍ മുരുകന്റെ ആസ്വാദനവും ഉയര്‍ത്തുന്ന രാഷ്ട്രീയം മലയാള ഭാഷയ്ക്കും കേരളീയ സമൂഹത്തിനും ബാധകമായതിനാല്‍ ഡൂള്‍ന്യൂസ് ഇതു മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു.

പുറമ്പോക്ക് എന്നത് ഒന്നിനും കൊള്ളാത്ത എന്നര്‍ത്ഥത്തില്‍ തമിഴ്‌നാട്ടുകാര്‍ ഉപയോഗിക്കുന്ന വാക്കാണ്. അതൊരു അധിക്ഷേപ വാക്കാണോ? ചരിത്രപരമായി പറഞ്ഞാല്‍ അല്ല. കാലം കഴിഞ്ഞതോടെ ആ വാക്കിന് അത്തരമൊരു അപകടകരമായ വ്യംഗ്യാര്‍ത്ഥം ലഭിക്കുകയായിരുന്നു. തമിഴ് നിഘണ്ടു പ്രകാരം പുറമ്പോക്ക് എന്നത് കണക്കില്‍പ്പെടാത്ത ഭൂമിയാണ്. ചിലപ്പോള്‍ സാമുദായിക ഉപയോഗങ്ങള്‍ക്കായി മാറ്റിവെച്ചത്, അല്ലെങ്കില്‍ തരിശുഭൂമി.


Must Read: അഭിമുഖം- പ്രതിരോധിക്കാന്‍ എനിക്ക് എന്റെ ശത്രുക്കളാരെന്ന് അറിയില്ലായിരുന്നു: പെരുമാള്‍ മുരുഗന്‍


ടി.എം കൃഷ്ണ

അതുകൊണ്ടുതന്നെ സാധാരണക്കാരെ പുറമ്പോക്ക് ഭൂമിയോട് ഉപമിക്കുന്നു. ഒരുവിഭാഗം പുറമ്പോക്ക് എന്നു പറയുന്നത് പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ച ഭൂമിയാണ്. ഗ്രാമീണര്‍ക്കു യോഗം ചേരാനും ആഘോഷങ്ങള്‍ നടത്താനും അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാനുമൊക്കെയുള്ള ഇടം.

മറ്റൊരു വിഭാഗം പുറമ്പോക്ക് എന്നത് കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത, അഥവാ കൃഷി ചെയ്താല്‍ തന്നെ അത് സാധാരണക്കാര്‍ക്ക് ഗുണമുണ്ടാക്കാത്ത ഭൂമിയാണ്. പുഴകള്‍ക്കും, കുളങ്ങള്‍ക്കും തൊട്ടടുത്തുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഈ ഗണത്തില്‍പ്പെടും. ഇത്തരം ഇടങ്ങള്‍ കയ്യേറ്റം ചെയ്ത് വ്യാപകമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതും മാലിന്യങ്ങള്‍ തള്ളാന്‍ ഉപയോഗിക്കുന്നതുമൊക്കെയാണ് നമ്മള്‍ ഇന്നു കാണുന്നത്.

ചെന്നൈയിലെ എന്നോര്‍ ഏറെക്കുറെ കയ്യേറിക്കഴിഞ്ഞു. ആ അഴിമുഖത്ത് പല  സ്വകാര്യ വ്യവസായികളും കെട്ടിടങ്ങള്‍ പണിതു കഴിഞ്ഞു. മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസം സൃഷ്ടിച്ചുകൊണ്ട് മാലിന്യങ്ങള്‍ നിത്യേനയെന്നോണം ഇവിടെ കുന്നുകൂടുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇത് ദുരിതപൂര്‍ണമാക്കി കഴിഞ്ഞു. ഇതുമൂലമുണ്ടാവാന്‍ പോകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ.

ഈ വിഷയത്തില്‍ ബോധവത്കരണത്തിനായി മുന്നിട്ടിറങ്ങിയ വ്യക്തിത്വമാണ് നിത്യാനന്ദ് ജയരാമന്‍. ഈ കാമ്പെയ്‌ന്റെ ഭാഗമായി സംഗീതസംവിധായകനും ഗാനരചയിതാവുമായ കബേര്‍ വാസുകിയുടെ സഹായത്തോടെ അദ്ദേഹം “ദ ചെന്നൈ പുറമ്പോക്ക് ഗാനം” തയ്യാറാക്കി. ഇതൊരു തമിഴ് റാപ് സോങ്ങാക്കി കബേര്‍ വാസുകി തന്നെ കമ്പോസ് ചെയ്യുകയും ചെയ്തു.

കബേര്‍ വാസുകി

പരമ്പരാഗത കര്‍ണാടക സംഗീത പാരമ്പര്യത്തില്‍ ഈ ഗാനത്തെ ടി.എം കൃഷ്ണ വളരെ മനോഹരമാക്കുകയും ചെയ്തു. ജനുവരി 14ന് ചെന്നൈയിലെ ബസന്ത് നഗറില്‍ ഈ ഗാനത്തിന്റെ സംഗീത ആല്‍ബം പുറത്തിറക്കി. പരിസ്ഥിതി പ്രക്ഷോഭത്തിലേക്കുള്ള ടി.എം കൃഷ്ണയുടെ സംഗീത സംഭാവനയാണ് ഇത്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഒരു മുന്നേറ്റം. ചരിത്രത്തിലാദ്യമായി കര്‍ണാടക സംഗീതത്തിലൂടെ ഒരു പൊതുപ്രശ്‌നം ഉയര്‍ത്തുകയാണ്.

ഇക്കാലങ്ങള്‍ക്കിടെ എവിടെവെച്ചോ യഥാര്‍ത്ഥ അര്‍ത്ഥം നഷ്ടമായ പുറമ്പോക്ക് എന്ന വാക്കിലാണ് ഈ ഗാനം ആരംഭിക്കുന്നത്. “പുറമ്പോക്ക് ഉനക്കല്ല, പുറമ്പോക്ക് എനക്കല്ല”  എന്നു തുടങ്ങുന്ന ഗാനം വളരെ മനോഹരമായി തന്നെ ടി.എം കൃഷ്ണ പാടിഫലിപ്പിക്കുന്നു. ഒരു കര്‍ണാടക ക്ലാസിക് സംഗീതജ്ഞനെ സംബന്ധിച്ച് ഇത്തരമൊരു വാക്കില്‍ ഗാനം തുടങ്ങുകയെന്നത് ശരിക്കും വെല്ലുവിളിയാണ്. ഇതിനു പുറമേ ചില തമിഴ് സ്ലാങ്ങുകള്‍ ഉപയോഗിക്കുകവഴി തമിഴ് ഗ്രാമ്യഭാഷ അന്തസ്സുകുറഞ്ഞതാണെന്ന പരമ്പരാഗത കാഴ്ചപ്പാടിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്യുന്നു.

ക്ലാസിക്കല്‍ കര്‍ണാടക സംഗീതത്തിന്റെ മഹത്വം ഉയര്‍ത്തിയ സംഗീതജ്ഞന്‍ ഈ ഗാനത്തിലൂടെ അതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുന്നു. ഒപ്പം കലാകാരന്റെ വ്യാപ്തിയും. കര്‍ണാടക സംഗീതം ആത്മീയചട്ടക്കൂടിലൊതുങ്ങിയതാണെന്നു ധരിച്ചുവെച്ചവര്‍ക്കമുമ്പില്‍ സമകാലീന പ്രശ്‌നങ്ങളെയും ഈ സംഗീതത്തിലൂടെ അവതരിപ്പിക്കാമെന്നു തുറന്നുകാട്ടിയിരിക്കുകയാണ് കൃഷ്ണ.

പെരുമാള്‍ മുരുകന്‍

“ആരാണ് അല്ലെങ്കില്‍ എന്താണ് പുറമ്പോക്ക് “എന്ന ചോദ്യമുയര്‍ത്തി അദ്ദേഹം അവസാനിപ്പിക്കുമ്പോള്‍ ആ ചോദ്യം ശ്രോതാവിന്റെ മനസിലും അലയടിക്കുന്നു.

കര്‍ണാടക സംഗീതത്തിന്റെ പാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും വലിയ വിലനല്‍കുന്ന സംഗീതാസ്വാദകര്‍ എങ്ങനെയാണ് ഈ ഗാനത്തോട് പ്രതികരിക്കുകയെന്നെനിക്കറിയില്ല. എന്തുതന്നെയായാലും സമകാലിക സമൂഹവുമായി അടുത്തുനില്‍ക്കുന്നവരെ ഇത് സ്വാധീനിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.


Also Read:രാത്രി സുരക്ഷിതരായി നമ്മള്‍ കിടന്നുറങ്ങുന്നത് അതിര്‍ത്തികളില്‍ ആരോ കാവല്‍നില്‍ക്കുന്നതുകൊണ്ടുമാത്രല്ല


കല എല്ലാവരേയും-കലയെയും ആര്‍ട്ടിസ്റ്റിനെയും ആസ്വാദകരെയും ഇരകളെയും എല്ലാം പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ കലയ്ക്ക് അതിര്‍ത്തിയില്ലാതാവുന്നു. കലയുടെ അതിരുകളെ ബ്രേക്ക് ചെയ്യാനുള്ള ശ്രമമായാണ് ഞാനിതിനെ കാണുന്നത്. ഈ ഗാനം അവതരിപ്പിക്കുന്നതിലൂടെ എന്നോര്‍ ക്രീക്കിലെ പരിസ്ഥിതി മലിനീകരണത്തില്‍ വലിയൊരു വിഭാഗത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ടി.എം കൃഷ്ണ. അമര്‍ഷം അടക്കിപ്പിടിച്ചല്ലാതെ  ആര്‍ക്കും ഈ വീഡിയോ കണ്ടിരിക്കാനാവില്ല. ഈ സംരംഭത്തിനു പിന്നിലുള്ള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍