'മനുഷ്യരെയും ദൈവങ്ങളെയും കുറിച്ചെഴുതാന്‍ ഭയം'; പെരുമാള്‍ മുരുകന്‍ എഴുതുന്നത് ആടുകളെപ്പറ്റി
national news
'മനുഷ്യരെയും ദൈവങ്ങളെയും കുറിച്ചെഴുതാന്‍ ഭയം'; പെരുമാള്‍ മുരുകന്‍ എഴുതുന്നത് ആടുകളെപ്പറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th March 2018, 8:24 am

ചെന്നൈ: ദൈവനിന്ദയെന്ന പേരില്‍ തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നുണ്ടായ ഭീഷണിയെത്തുടര്‍ന്ന് എഴുത്ത് അവസാനിപ്പിച്ച പെരുമാള്‍ മുരുകന്‍ വീണ്ടും എഴുതുന്നു. പൂനാച്ചി എന്ന നോവലുമായാണ് പെരുമാള്‍ മുരുകന്റെ മടങ്ങിവരവ്.

തനിക്ക് മനുഷ്യരെക്കുറിച്ച് എഴുതാന്‍ ഭയമാണ്. ദൈവങ്ങളെക്കുറിച്ചെഴുതാന്‍ അതിലേറെ ഭയമാണെന്നും മൃഗങ്ങളെക്കുറിച്ചെഴുതുമ്പോഴും പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ ആട് നിരുപദ്രവകാരിയാണെന്നും അതിനാലാണ് അവരെക്കുറിച്ച് എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

“മനുഷ്യരെ കുറിച്ചെഴുതാന്‍ എനിക്ക് ഭയമാണ്. ദൈവങ്ങളെ കുറിച്ചെഴുതാന്‍ അതിലേറെ ഭയമാണ്. മൃഗങ്ങളെ കുറിച്ചെഴുതുമ്പോഴും പശുക്കളും പന്നികളും വേണ്ടെന്നാണ് എനിക്ക് തോന്നിയത്. ആടുകളെ കുറിച്ചെഴുതുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് തോന്നി. നിരുപദ്രവകാരികളായ ആടുകളെ കുറിച്ച് എഴുതാന്‍ തീരുമാനിച്ചതും അതുകൊണ്ടാണ്,” പെരുമാള്‍ മുരുകന്‍ പറഞ്ഞു.

140 വര്‍ഷം മുന്‍പ് തമിഴ്‌നാട് കണ്ട് ഏറ്റവും വലിയ വരള്‍ച്ചയാണ് നോവലിന്റെ പശ്ചാത്തലം. പൂനാച്ചി അല്ലെങ്കില്‍ കറുത്ത ആടാണ് കഥയുടെ കേന്ദ്ര കഥാപാത്രം. എന്റെ കുട്ടിക്കാലത്ത് ദാരിദ്ര്യമുണ്ടായിരുന്നു. എന്നാല്‍ കൃഷി ഒരു ജോലിയായിരുന്നില്ല, ജീവിതമായിരുന്നു. എല്ലായ്‌പ്പോഴും ജീവിക്കുന്നതുപോലെ തോന്നിയിരുന്നു. എന്റെ ഗ്രാമത്തില്‍ എനിക്ക് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല പെരുമാള്‍ മുരുകന്‍ പറഞ്ഞു.