പോര്‍ട്ടോ അലെഗ്രോ: നിലവിലെ ചാമ്പ്യന്മാരായ ചിലിയെ വീഴ്ത്തി 44 വര്‍ഷങ്ങള്‍ക്കുശേഷം പെറു കോപ അമേരിക്കയുടെ ഫൈനലില്‍. ഇന്നുരാവിലെ നടന്ന സെമിപോരാട്ടത്തില്‍ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പെറു പരാജയപ്പെടുത്തിയത്.
ഫൈനലില്‍ ബ്രസീലാണ് പെറുവിന്റെ എതിരാളികള്‍. ഇന്നലെ നടന്ന സെമിയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് കാനറികള്‍ ഫൈനലില്‍ കയറിയത്.
എഡിസണ്‍ ഫ്‌ളോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗുറേറോ എന്നിവരാണ് പെറുവിനുവേണ്ടി ചിലിയന്‍ വല കുലുക്കിയത്.
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്കു മുന്നിലായ പെറു, കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് മൂന്നാം ഗോള്‍ നേടിയത്. 21-ാം മിനിറ്റിലായിരുന്നു ആദ്യ ലീഡ്, ഫ്‌ളോറിസിന്റെ വക. രണ്ടാം ഗോള്‍ യോഷിമര്‍ നേടി.
1975-നുശേഷം ഇതാദ്യമായാണ് പെറുവിന്റെ കോപ ഫൈനല്‍ പ്രവേശം.
മാരക്കാനയില്‍ ഞായറാഴ്ചയാണ് ഫൈനലില്‍. മൂന്നാംസ്ഥാനത്തിനായി അര്‍ജന്റീനയും ചിലിയും ശനിയാഴ്ച ഏറ്റുമുട്ടും.