| Thursday, 15th December 2022, 10:33 am

മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയുടെ അറസ്റ്റിനെതിരെ പ്രക്ഷോഭം; പെറുവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിമ: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയെ (Pedro Castillo) പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുടെ ഫലമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പെഡ്രോ കാസ്റ്റിലോയെ പുറത്താക്കി ജയിലിലടച്ചതിനെത്തുടര്‍ന്ന് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ആല്‍ബെര്‍ട്ടോ ഒട്ടറോള (Alberto Otarola) രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 30 ദിവസത്തെക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി കഴിഞ്ഞ ദിവസം പെറുവിലുടനീളം കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയുടെ അനുയായികള്‍ കഴിഞ്ഞ ഒരാഴ്ചയായി പെറുവില്‍ ശക്തമായ പ്രക്ഷോഭം നടന്നുവരികയായിരുന്നു.

ഇംപീച്ച്‌മെന്റിലൂടെയാണ് പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയെ പുറത്താക്കിയത്. പിന്നാലെ വൈസ് പ്രസിഡന്റ് ഡിന ബൊളുവാര്‍ട്ടെ (Dina Boluarte) പ്രസിഡന്റായി ചുമതലയേല്‍ക്കുകയായിരുന്നു.

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് പിരിച്ചുവിട്ട് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് പെഡ്രോ കാസ്റ്റില്ലൊ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ രാജ്യവ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും നിരവധി മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്തു.

പിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്ന് പെഡ്രോ കാസ്റ്റില്ലോയെ ഇംപീച്ച് ചെയ്തത്. 130 അംഗ സഭയില്‍ 101 പേരും കാസ്റ്റില്ലോയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത് പിന്തുണക്കുകയായിരുന്നു.

തുടര്‍ന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്തി അട്ടിമറി നടത്താന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ച് പെഡ്രോ കാസ്റ്റില്ലൊയെ അറസ്റ്റ് ചെയ്ത് തടവിലിടുകയായിരുന്നു.

കഴിഞ്ഞ ദിവസം കാസ്റ്റില്ലോയെ വിപ്ലവം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി 48 മണിക്കൂര്‍ കൂടി ജയിലില്‍ തുടരണമെന്ന് കോടതി ഉത്തരവിട്ടതോടെ പ്രക്ഷോഭം വീണ്ടും ശക്തമാവുകയായിരുന്നു.

2021 ജൂലൈയില്‍ അധികാരമേറ്റതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് പെഡ്രോക്കെതിരെ ഇംപീച്ച്മെന്റ് നടപടി സ്വീകരിക്കുന്നത്.

അതേസമയം, പെറുവിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ് പുതിയതായി സ്ഥാനമേറ്റ ഡിന ബൊളുവാര്‍ട്ടെ. 2026 ജൂലൈ വരെ ഡിന പദവിയില്‍ തുടരും.

Content Highlight: Peru declares 30-day state of emergency amid protests at former president Pedro Castillo’s arrest

We use cookies to give you the best possible experience. Learn more