കുട്ടികൾ സ്ഥിരമായി കാൽ വേദന പറയുന്നുണ്ടോ? അവർ നടക്കുമ്പോൾ മുടന്ത് അനുഭവപ്പെടുന്നുണ്ടോ? കുട്ടികളല്ലേ..എവിടെയെങ്കിലും വീണതാവാം എന്ന് കരുതി നിസാരവത്കരിക്കരുത്.ഈ ലക്ഷണങ്ങൾ ഒരുപക്ഷേ പെർതീസ് എന്ന അവസ്ഥയുടേതാവാം.
എന്താണ് പെർതീസ്?
ഇടുപ്പെല്ലിന്റെ ജോയിന്റിലേക്ക് കൃത്യമായ രക്തയോട്ടമില്ലാതാക്കുകയും തന്മൂലം ഇടുപ്പെല്ലിന്റെ ബോൾ ഭാഗത്തിന് ക്ഷതം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പെർതീസ്.സാധാരണയായി 4 മുതൽ 8 വയസുവരെ പ്രായമുള്ള കുട്ടികളിലാണ് പെർതീസ് കൂടുതലായി കാണുന്നത്.പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ഈ രോഗം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെനന് പഠനങ്ങൾ പറയുന്നു.ശരീയായ രക്തയോട്ടം ഇല്ലാതാവുന്നതോടെ എല്ലുകളിലെ കോശം നശിക്കുന്നു.പെർതീസ് എന്ന അവസ്ഥ എന്തുകൊണ്ട് ഉണ്ടാവുന്നു എന്നോ,ഇതിനുള്ള മരുന്നോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് ഇവിടെ വെല്ലുവിളിയാവുന്നത്.
ലക്ഷണങ്ങൾ
ഇടുപ്പെല്ലിനോ,കാലുകൾക്കോ അനുഭവപ്പെടുന്ന വേദന,മുടന്ത് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
രോഗം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ കാലിന്റെ നീളം കുറയുന്നതായും ശോഷിക്കുന്നതായും പ്രകടമാകും.ഓരോ കുഞ്ഞുങ്ങളിലും വ്യത്യസ്ത ലക്ഷണങ്ങളാണ് കാണപ്പെടാറുള്ളത്.രോഗം ബാധിച്ച ഭൂരിഭാഗം പേരും ഹൈപ്പർ ആക്ടീവാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ബാധിക്കുന്നത് ആരെ?
സാധാരണയായി നാലു മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗ ലക്ഷണങ്ങൾ കൂടുതലായി കാണാറുള്ളത്.എന്നാൽ തീരെ ചെറിയ കുട്ടികൾക്കും കൗമാരക്കാരിലും രോഗം കാണപ്പെട്ടിട്ടുണ്ട്.20,000 കുട്ടികൾ ജനിക്കുമ്പോൾ അതിൽ ഒരാൾ എന്ന നിലയിലാണ് രോഗബാധിതർ.പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് രോഗം കൂടുതലായി ബാധിക്കുന്നത്.സാധാരണ ഏതെങ്കിലും ഒരു വശത്തെ ഇടുപ്പെല്ലിനാണ് രോഗം ബാധിക്കുക.അപൂർവം കേസുകളിൽ ഇരു ഭാഗത്തും പ്രശ്നം കാണപ്പെട്ടിട്ടുണ്ട്.
ചികിത്സ
കൃത്യമായ ചികിത്സാ രീതിയോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല.ചെറിയ കുട്ടികളിൽ വ്യായാമമാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്.അവരുടെ ശരീര വളർച്ചയ്ക്കൊപ്പം രോഗം ഭേദമാകാനുള്ള സാധ്യത കണക്കിലെടുത്താണിത് ചെയ്യുന്നത്.18 മുതൽ 36 മാസം വരെയുള്ള കാലയളവിൽ രോഗം ഭേദപ്പെട്ട് കാണാറുണ്ട്. ചിലർക്ക് കാലിൽ മാസങ്ങളോളം ബാൻഡേജ് ഇട്ടും പരീക്ഷിക്കാറുണ്ട്. ഭൂരിഭാഗം പേരിലും ശസ്ത്രക്രിയ നടത്താറുണ്ട്.രോഗം ബാധിച്ച ഭാഗത്ത് സ്റ്റീൽ ഇംപ്ലാന്റേഷൻ മുതൽ ഇടുപ്പെല്ല് മാറ്റി വയ്ക്കൽ വരെ ഇതിൽ ഉൾപ്പെടും.