| Monday, 6th January 2014, 5:37 pm

മാനവികതയുടെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍; ലോകം, ഇന്ത്യ, കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ ലോകത്തിന്റെ സവിശേഷ രൂപങ്ങളായി Doolnews മൂന്ന് മനുഷ്യരെ ഉയര്‍ത്തിക്കാട്ടുന്നു. ചരിത്രത്തില്‍ ഇതുവരെ സ്ഥാനം കിട്ടാതിരുന്ന ഇവര്‍ ചരിത്രത്തെ പിടിച്ചടക്കിയ കൊല്ലമാണിത്. സംഘടിത പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ട ഇടങ്ങളിലാണിവര്‍ വിജയിച്ചത്.  ആ വിജയങ്ങള്‍ മനുഷ്യന്റെ പ്രത്യാശകളെ വളര്‍ത്തുന്നു. അധികാരഭ്രഷ്ടരായ സാധാരണ മനുഷ്യരാണ് അവരിലൂടെ അധികാരാരോഹണം നടത്തിയത്. വന്‍കരകളുടേയും രാഷ്ട്രത്തിന്റേയും ദേശത്തിന്റേയും വിജയമുദ്രകളാണവര്‍.



ബാബു ഭരദ്വാജ്

[]നവോത്ഥാനത്തിന്റേയും(Renaissance) പുനരുത്ഥാനത്തിന്റേയും (Resurrection) കൊല്ലമായിരുന്നു 2013. നഷ്ടലോകത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് നവോത്ഥാനം. കുരിശാരോഹണം നടന്നാലേ ഉയിര്‍ത്തെഴുന്നേല്‍പ് ഉണ്ടാവൂ.

മനുഷ്യന്റെ ഇച്ഛാശക്തിയുടേയും മാനവികതയുടേയും Renaissance ഉം Resurrection ഉം നടന്ന കൊല്ലം. മനുഷ്യന്റെ പ്രതീക്ഷകളേയും പ്രത്യയശാസ്ത്രങ്ങളേയും ജനാധിപത്യ ബോധ്യങ്ങളേയും തറച്ച കുരിശില്‍ നിന്ന് മനുഷ്യന്‍ ഇച്ഛാശക്തി വീണ്ടെടുക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത കൊല്ലം.

ചെറിയ മനുഷ്യര്‍ വലിയ കാര്യങ്ങള്‍ ചെയ്ത കൊല്ലം. തകര്‍ക്കാന്‍ പറ്റാത്തതെന്നും അപ്രതിരോധ്യമെന്നും കരുതിയ അധികാരത്തിന്റെ ഗോലിയാത്തിനെ ചില ചെറിയ മനുഷ്യര്‍ കവണകൊണ്ട് കല്ലെറിഞ്ഞ് വീഴ്ത്തിയ കൊല്ലം.

ചെറിയ മനുഷ്യര്‍ കാണിച്ച വലിയ കാര്യങ്ങളാല്‍ ഈ കൊല്ലം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. വലിയ മനുഷ്യരുടെ വലിയ ലോകത്തില്‍ ചെറിയ മനുഷ്യര്‍ വലിയ ലോകത്തിന്റെ ശുഭപ്രതീക്ഷകള്‍ പടുത്തുയര്‍ത്തിയ കൊല്ലം.

ഈ ലോകത്തിന്റെ സവിശേഷ രൂപങ്ങളായി Doolnews മൂന്ന് മനുഷ്യരെ ഉയര്‍ത്തിക്കാട്ടുന്നു. ചരിത്രത്തില്‍ ഇതുവരെ സ്ഥാനം കിട്ടാതിരുന്ന ഇവര്‍ ചരിത്രത്തെ പിടിച്ചടക്കിയ കൊല്ലമാണിത്.

സംഘടിത പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ട ഇടങ്ങളിലാണിവര്‍ വിജയിച്ചത്. ആ വിജയം ഒരുപക്ഷെ താത്ക്കാലികമായിരിക്കാം. എന്നാല്‍ ആ വിജയങ്ങള്‍ മനുഷ്യന്റെ പ്രത്യാശകളെ വളര്‍ത്തുന്നു. അധികാരഭ്രഷ്ടരായ സാധാരണ മനുഷ്യരാണ് അവരിലൂടെ അധികാരാരോഹണം നടത്തിയത്. വന്‍കരകളുടേയും രാഷ്ട്രത്തിന്റേയും ദേശത്തിന്റേയും വിജയമുദ്രകളാണവര്‍.

അവരിവരാണ്: അമേരിക്കയില്‍ നിന്ന് സ്‌നോഡന്‍ എന്ന ചെറുപ്പക്കാരന്‍, ദല്‍ഹിയില്‍ നിന്ന് അരവിന്ദ് കെജ്‌രിവാള്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍. കേരളത്തില്‍ നിന്ന ജസീറയെന്ന വീട്ടമ്മ.

സ്‌നോഡന്‍ വന്‍കരകള്‍ വാഴുന്ന രാഷ്ട്രീയ സ്വേച്ഛാധികാര അധികാര പ്രമത്തതയുടേയും ആജ്ഞാശക്തിയുടേയും കൗടില്യത്തിന്റേയും ക്രൗര്യത്തിന്റേയും കാപട്യത്തിന്റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടേയും പ്രതിരൂപമായ അമേരിക്കന്‍ ഭരണകേന്ദ്രങ്ങളെയാണ് പരിഭ്രാന്തമാക്കിയതും ഞെട്ടിച്ചതും.

അമേരിക്കയുടെ ലോഭത്തിന്റെ അതാര്യതയെയാണ് സ്‌നോഡന്‍ എന്‍.എസ്.എയുടെ രഹസ്യരേഖകള്‍ വെളിച്ചത്ത് കൊണ്ട് വന്ന് പിച്ചിച്ചീന്തിയെറിഞ്ഞത്. ഒരു രാഷ്ട്രത്തിന്റെ കപട രാഷ്ട്രീയ സദാചാരത്തെയാണ് സ്‌നോഡന്‍ തകര്‍ത്തെറിഞ്ഞത്.

അതേതെങ്കിലും ഒരു രാഷ്ട്രത്തിന്റെ കാപട്യം മാത്രമല്ല മറനീക്കിക്കാണിച്ചത്. ലോകത്തിലെ മുഴുവന്‍ സമഗ്രാധിപത്യ ശക്തികളുടേയും ഗൂഢതന്ത്രളാണ് അതിലൂടെ ജനങ്ങള്‍ അറിഞ്ഞത്. ഏത് മാനദണ്ഡം കൊണ്ടും കഴിഞ്ഞ കൊല്ലത്തെ ഏറ്റവും മഹാനായ സമാധാന പ്രവര്‍ത്തകനാണ് എഡ്വേഡ് സ്‌നോഡന്‍.

” ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും” റഷ്യയില്‍ താല്‍ക്കാലിക അഭയാര്‍ത്ഥിയായി കഴിയുന്ന സ്‌നോഡന് നീതിലഭിക്കണമെന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു. ഈ പത്രങ്ങളുടെ എഡിറ്റോറിയലുകളിലൂടെ ഉയര്‍ന്ന് മുഴങ്ങുന്നത് രണ്ട് വന്‍കരകളുടെ ശബ്ദമല്ല, ലോകത്തിന്റെ മുഴുവന്‍ ശബ്ദമാണ്.

അമേരിക്ക സ്‌നോഡനുമായി ഒത്തുതീര്‍പ്പിലെത്തണമെന്നും സ്‌നോഡനെ തിരിച്ച് അമേരിക്കയിലേക്ക് കൊണ്ടുവരണമെന്നും ജീവിതകാലം മുഴുവന്‍ തടവില്‍ കഴിയുന്ന അവസ്ഥ ഈ ചെറുപ്പക്കാരന് ഉണ്ടാവരുതെന്നും അവര്‍ വാദിക്കുന്നു.

doolnews സ്‌നോഡനെ കഴിഞ്ഞ വര്‍ഷത്തിന്റെ മാനവികതയുടേയും മനുഷ്യന്റെ ഇച്ഛാശക്തിയുടേയും പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നു.

സത്യത്തിന്റെ കുഴലൂത്തുകാരന്‍ ക്രൂരമായി ശിക്ഷിക്കപ്പെടരുത്. സ്‌നോഡന്‍ കുറ്റവാളിയല്ലെന്ന് പറയാനുള്ള ചങ്കൂറ്റം ഈ പത്രങ്ങള്‍ ഇതുവരെ ആര്‍ജ്ജിച്ചിട്ടില്ലെങ്കിലും അവര്‍ സുപ്രധാനമായ ഒരു സത്യത്തിനുനേരെ വിരല്‍ ചൂണ്ടുന്നുണ്ട്.

സ്‌നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കയുടെ സുരക്ഷയെ ഒരു തരത്തിലും അവതാളത്തിലാക്കിയിട്ടില്ല. ഭരണവും നിയമവും ഒക്കെ നിലവില്‍ വന്ന കാലം തൊട്ടേ, അല്ലെങ്കില്‍ മനുഷ്യര്‍ ഭരിക്കപ്പെടാന്‍ തുടങ്ങിയ കാലം തൊട്ടേ ഉണ്ടായി വന്ന ഭരണാധികാരത്തിന്റെ ഗൂഢരഹസ്യങ്ങളേയും വിനാശകരവും പ്രതിലോമകരവുമായ അതാര്യതയേയും തള്ളിപ്പറയാന്‍ നമ്മുടെ മാധ്യമലോകവും ചിന്താലോകവും ഇന്നും അറച്ചുനില്‍ക്കുന്നു. ചിന്ത അന്നും ഇന്നും എന്നും അവസാനമില്ലാത്ത കുറ്റവിചാരണ നേരിടുന്ന ഏകാന്തതടവിലാണ്.

doolnews സ്‌നോഡനെ കഴിഞ്ഞ വര്‍ഷത്തിന്റെ മാനവികതയുടേയും മനുഷ്യന്റെ ഇച്ഛാശക്തിയുടേയും പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നു.
അടുത്തപേജില്‍ തുടരുന്നു


കഴിഞ്ഞ 65 വര്‍ഷത്തെ ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ ഒരുപാട് നടന്നെങ്കിലും ഇതിന് സമാനമായ ഒരു രാസമാറ്റം ഒരിക്കലും ഉണ്ടായിട്ടില്ല. വ്യവസ്ഥാപിതമായ രാഷ്ട്രീയ ഭാഗധേയങ്ങളില്‍ വന്ന ചില്ലറ മാറ്റങ്ങളേയാണ് നമ്മളിതുവരെ രാഷ്ട്രീയമാറ്റങ്ങള്‍ എന്ന് വ്യാഖ്യാനിച്ചിരുന്നത്. അത്തരം വല്ലാത്തൊരു കാലത്താണ് ആം ആദ്മി പാര്‍ട്ടിയുണ്ടാവുന്നത്.


സാധാരണ മനുഷ്യര്‍ക്കുവേണ്ടി അധികാരത്തിന്റെ സമവാക്യങ്ങളെ ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി തിരുത്തി കുറിച്ചിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എല്ലാത്തരം സന്നിഗ്ദതകളേയുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി വിജയം അട്ടിമറിച്ചിരിക്കുന്നത്.

രാഷ്ട്രീയത്തിന്റേയും രാഷ്ട്രീയപാര്‍ട്ടികളുടേയും സംഘടനാരീതികളേയും സമീപനരീതികളേയും അനുഷ്ഠാനമായി വളര്‍ന്ന് വലുതായ ഭരണരീതികളേയുമാണ് ദല്‍ഹിയിലെ ജനവിജയം അട്ടിമറിച്ചിരിക്കുന്നത്.

കഴിഞ്ഞ 65 വര്‍ഷത്തെ ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ ഒരുപാട് നടന്നെങ്കിലും ഇതിന് സമാനമായ ഒരു രാസമാറ്റം ഒരിക്കലും ഉണ്ടായിട്ടില്ല. വ്യവസ്ഥാപിതമായ രാഷ്ട്രീയ ഭാഗധേയങ്ങളില്‍ വന്ന ചില്ലറ മാറ്റങ്ങളേയാണ് നമ്മളിതുവരെ രാഷ്ട്രീയമാറ്റങ്ങള്‍ എന്ന് വ്യാഖ്യാനിച്ചിരുന്നത്.

ചില പാര്‍ട്ടികളുടെ വളര്‍ച്ചയും ചിലതിന്റെയൊക്കെ തളര്‍ച്ചയും വലിയ കാര്യങ്ങളായി നമ്മള്‍ വിലയിരുത്തി. പ്രാദേശികമായി രൂപം കൊണ്ട് വളര്‍ന്നുവന്ന ജാതിയിലും മതത്തിലും ഭാഷയിലും ഉപദേശീയതകളിലും ഭിന്നതയുടെ ഒരുപാട് രാഷ്ട്രീയ ചേരിതിരിവുള്ള മുന്നണികളെന്ന് നമ്മള്‍ വിശേഷിപ്പിച്ചു.

എന്നും കാലം പഴയതുപോലെയാവില്ലെന്ന് ലോകത്തേയും അതുവഴി ഭരണാധികാരികളേയും സാമാന്യ ജനങ്ങളേയും വിളിച്ചറിയിക്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിയാതിരിക്കില്ല.

അധികാരത്തിന് വേണ്ടി വടംവലി നടത്തുന്ന രണ്ട് രാഷ്ട്രീയ ശക്തികള്‍ക്ക് ചുറ്റും ഒന്നാം മുന്നണിയും രണ്ടാം മുന്നണിയും നമ്മളുണ്ടാക്കി. ഇവരില്‍ നിന്ന് അധികാരത്തിന്റെ വീണുകിട്ടുന്ന അപ്പക്കഷ്ണങ്ങള്‍ക്കായി ഒരു മൂന്നാം മുന്നണിയെ കുറിച്ച് സ്വപ്‌നം കണ്ടു.

ഇതിനപ്പുറത്തേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന് വളരാന്‍ കഴിഞ്ഞില്ല. പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും തരാതരം പോലെ ഈ ചതുരംഗക്കളിയിലെ കരുക്കളായി. രാഷ്ട്രീയം ചൂതാട്ടമായി.

പഴയ നാട്ടുരാജ്യ രാഷ്ട്രീയത്തിന്റേയും ഭരണാധിപത്യത്തിന്റേയും പുതുക്കിയ പതിപ്പുകളോ ചട്ടമാറ്റിപുതുക്കിയ അസംബന്ധ പഞ്ചാംഗങ്ങളോ ആയിരുന്നു ഈ ദല്ലാള്‍ രാഷ്ട്രീയത്തിന്റെ ആകെ മൊത്തം വിചാര ശരീരഘടന.

ദേശീയവും സാര്‍വദേശീയവുമായ വീക്ഷണങ്ങളും വിശ്വാസങ്ങളും സന്ദേഹങ്ങളും സന്നാഹങ്ങളും ആശയപ്രപഞ്ചങ്ങളും ഉണ്ടെന്ന് കരുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും ഈ ഉപദേശീയ പാര്‍ട്ടികളുടെ പ്രചാരകരും സ്തുതിപാഠകരും പിന്തുണക്കാരുമായി മാറിക്കഴിഞ്ഞിരുന്നു.

വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ജനപക്ഷത്തിന് പുറത്തായി. ക്രൂരമായ വംശാധിപത്യത്തിന്റേയും അതിനേക്കാള്‍ ക്രൂരമായ കുടുംബാധിപത്യത്തിന്റേയും ഇതിനെയൊക്കെ വിഴുങ്ങുന്ന കാപാലികമായ വംശീയ ഫാഷിസത്തിന്റേയും തായ്‌വേരുകള്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞിരുന്നു.

അത്തരം വല്ലാത്തൊരു കാലത്താണ് ആം ആദ്മി പാര്‍ട്ടിയുണ്ടാവുന്നത്. ഇത്തരം അവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് അഴിമതി മുക്തവും സുതാര്യവും ജനകീയവുമായ ഒരു പുതിയ ഭരണക്രമത്തിനായി ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ഈ പ്രസ്ഥാനത്തേയും അത് പരിപാലിക്കാന്‍ പോവുന്ന ഭരണവ്യവസ്ഥയേയും നോക്കിക്കാണുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയമായ നിലനില്‍പ്പിനെ കുറിച്ച് ഞങ്ങളിപ്പോള്‍ ഒന്നും പ്രവചിക്കുന്നില്ല. ഈ ചതുരംഗക്കളത്തില്‍ കാലിടറാതെ അവരുടെ കാലാളുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. എല്ലാ പ്രശ്‌നങ്ങളും ഈ പ്രസ്ഥാനം പരിഹരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുമില്ല. എന്നാല്‍ എന്നും കാലം പഴയതുപോലെയാവില്ലെന്ന് ലോകത്തേയും അതുവഴി ഭരണാധികാരികളേയും സാമാന്യ ജനങ്ങളേയും വിളിച്ചറിയിക്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിയാതിരിക്കില്ല.

ആകയാല്‍ ആം ആദ്മി പാര്‍ട്ടിയുടെ നായകനെ, അരവിന്ദ് കെജ്‌രിവാളിനെ ഇന്ത്യന്‍ ദേശീയതയുടേയും ജനാധിപത്യത്തിന്റേയും മാനവികതയുടേയും ഇച്ഛാശക്തിയുടേയും പ്രതീകമായി ഞങ്ങള്‍ കാണുന്നു.

അടുത്തപേജില്‍ തുടരുന്നു


ജസീറയുടെ സമരം അതിജീവനത്തിന്റെ സമരമാണ്. ജസീറയുടേയും കുഞ്ഞുങ്ങളുടേയും അതിജീവനത്തിനുള്ള സമരമല്ല. കേരളത്തിന്റെ അതിജീവനത്തിനുള്ള സമരം. പള്ളിക്കാരും പട്ടക്കാരും ഖനി മാഫിയകളും ടൂറിസം മാഫിയകളും നടത്തുന്ന കപടഅതിജീവന സമരമല്ലിത്.


കണ്ണൂരില്‍ നിന്ന് ഒരു മുസ്‌ലീം സ്ത്രീ, ഒരു യുവതി, ഒരമ്മ കേരളത്തെ ഭരണാധികാരികളുടേയും മണല്‍മാഫിയകളുടേയും കയ്യില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ കൊടുംതണുപ്പില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പം മേല്‍ക്കൂരയില്ലാത്ത ആകാശത്തിനുകീഴില്‍ രാപ്പകല്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.

നമ്മള്‍ കണ്ടുപരിചരിച്ച രീതിയിലുള്ള രാപ്പകല്‍ സമരമല്ലിത്. കേരളത്തിലെ ഭരണദൈവങ്ങള്‍ കണ്ണുതുറക്കാത്തതിനാലും ഭരണക്കാര്‍ എല്ലാത്തരം മാഫിയകള്‍ക്കുമൊപ്പം കൈകോര്‍ത്തതിനാലുമാണ് ജസീറ ദല്‍ഹി ദേവലോകത്തിലെ തമ്പുരാക്കന്‍മാര്‍ക്ക് മുന്നില്‍ സമരപ്പന്തല്‍ കെട്ടിയത്.

ജസീറയുടെ സമരം അതിജീവനത്തിന്റെ സമരമാണ്. ജസീറയുടേയും കുഞ്ഞുങ്ങളുടേയും അതിജീവനത്തിനുള്ള സമരമല്ല. കേരളത്തിന്റെ അതിജീവനത്തിനുള്ള സമരം. പള്ളിക്കാരും പട്ടക്കാരും ഖനി മാഫിയകളും ടൂറിസം മാഫിയകളും നടത്തുന്ന കപടഅതിജീവന സമരമല്ലിത്.

കേരളത്തില്‍ ഇന്നേവരെ ഉയര്‍ന്നു വന്നിട്ടുള്ള എല്ലാ അതിജീവനങ്ങളുടേയും അന്തസത്ത ഈ ഒറ്റയാള്‍ സമരത്തിനുണ്ട്.

കേരളത്തില്‍ ഇന്നേവരെ ഉയര്‍ന്നു വന്നിട്ടുള്ള എല്ലാ അതിജീവനങ്ങളുടേയും അന്തസത്ത ഈ ഒറ്റയാള്‍ സമരത്തിനുണ്ട്. പാരിസ്ഥിതിക വിനാശത്തിനെതിരെ കേരളത്തിലെ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും നടത്തിയിട്ടുള്ള എല്ലാ ചെറുത്തുനില്‍പ്പുകളും സംഗമിക്കുന്ന ഒരിടമാണിത്.

രാഷ്ട്രീയ പാര്‍ട്ടികളും അധികാരശക്തികളും എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചിട്ടും തകര്‍ക്കാന്‍ കഴിയാത്ത ഈ സമരത്തിന് ഇന്ന് നമുക്കൊരു പേരേ നല്‍കാനാവൂ- ജസീറ.

മണ്ണിനുവേണ്ടി, മനുഷ്യനു വേണ്ടി, കടലിന് വേണ്ടി പുഴയ്ക്ക് വേണ്ടി, സര്‍വചരാചരങ്ങള്‍ക്കും വേണ്ടി ജസീറ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. ജസീറയുടെ സമരത്തെ വിശിഷ്ടമാക്കുന്നത് കാമക്രോധലോഭമോഹമില്ലാത്ത ജസീറയുടെ ലോകവീക്ഷണമാണ്. തകര്‍ക്കാന്‍ കഴിയാത്ത മനുഷ്യനന്മയുടെ പ്രതീകമായി ജസീറയെ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.

ചില കാലങ്ങളില്‍ ചില അരിഷ്ടകാലങ്ങളിലും നഷ്ടകാലങ്ങളിലും ചില മനുഷ്യര്‍ ചരിത്രത്തിന്റെ ചക്രവാളങ്ങളില്‍ ആരും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ ഉദയം ചെയ്യും. അവര്‍ വിജയിച്ചേക്കാം, പരാജയപ്പെട്ടേക്കാം വിസ്മരിക്കപ്പെട്ടേക്കാം എന്നാല്‍ അവരുണ്ടായിരുന്നു എന്നതുതന്നെയാണ് ഈ ലോകത്തെ അര്‍ഥം കൊടുത്ത് പൊലിപ്പിച്ചെടുക്കുന്നത്.

We use cookies to give you the best possible experience. Learn more