| Monday, 7th May 2018, 7:53 am

20 വയസ്സുകാരന്റെ വിവാഹം റദ്ദ് ചെയ്യാനാകില്ല; പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്കും ആണ്‍കുട്ടിയ്ക്കും ഒരുമിച്ച് ജീവിക്കാമെന്ന വിധിയുമായി സുപ്രീംകോടതി. വിവാഹിതരായില്ലെങ്കിലും പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും ഒന്നിച്ച് കഴിയാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.

21 വയസ്സ് തികയാത്തതിന്റെ പേരില്‍ വിവാഹം അസാധുവാക്കിയ മലയാളി യുവാവിന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. മലയാളി യുവാവായ നന്ദകുമാറാണ് 21 വയസ്സ് പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വിവാഹ സമയത്ത് 21 വയസ്സ് പൂര്‍ത്തിയാകാതിരുന്ന നന്ദകുമാറിന്റെയും തുഷാരയുടെയും വിവാഹം നിയമപരമല്ല എന്നുകാട്ടി ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് തുഷാരയെ പിതാവിനോടൊപ്പം വിടുകയാണ് ഹൈക്കോടതി ചെയ്തത്.


ALSO READ: ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ ഓര്‍ത്ത് സഹതപിക്കുന്നു’; വീടിനടുത്ത് നിന്ന് കുപ്പിയിലാക്കിയ നിലയില്‍ ശൂലവും ചെമ്പ് തകിടും കണ്ടെടുത്തെന്ന് വി.എം സുധീരന്‍


എന്നാല്‍ 21 വയസ്സ് പൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ നന്ദകുമാറിന്റെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നാണ് എ.കെ. സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചിന്റെ നിരീക്ഷണം.

“നന്ദകുമാറും തുഷാരയും ഹിന്ദുക്കളാണ്. 1955ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹം നിയമവിധേയമാണ്. ഇരുവരും പ്രായപൂര്‍ത്തിയായവരാണ്. ഈ സാഹചര്യത്തില്‍ വിവാഹം തര്‍ക്ക വിഷയമാണെങ്കില്‍ പോലും ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ അവകാശമുണ്ട്. വിവാഹിതരല്ലെങ്കിലും ഒരുമിച്ചു ജീവിക്കാന്‍ അവകാശവുമുണ്ട്. “ലിവ്ഇന്‍” ബന്ധങ്ങള്‍ നിയമം മൂലം അംഗീകരിച്ചതാണ്. ഗാര്‍ഹിക പീഡനത്തില്‍ നിന്നു വനിതകള്‍ക്കു സംരക്ഷണം നല്‍കുന്ന 2005ലെ നിയമത്തിനു കീഴിലും ലിവ് ഇന്‍ റിലേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും” കോടതി വ്യക്തമാക്കി.

അതേസമയം 2017 ഏപ്രിലില്‍ ആണ് നന്ദകുമാര്‍-തുഷാര വിവാഹം നടന്നത്. നന്ദകുമാറിന് 21 വയസ്സ് പൂര്‍ത്തിയായിട്ടില്ലെന്ന് ആരോപിച്ച് തുഷാരയുടെ പിതാവ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. പിതാവിന്റെ വാദം അംഗീകരിച്ച കോടതി വിവാഹം റദ്ദാക്കുകയും തുഷാരയെ പിതാവിനൊപ്പം വിടുകയും ചെയ്തു.


ALSO READ: ആശുപത്രിയില്‍ യോഗിയുടെ സന്ദര്‍ശനം;രോഗികളെയും കൂട്ടിരിപ്പുകരെയും പൂട്ടിയിട്ടു


ഇതിനെതിരെ നന്ദകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി പുറത്തുവന്നിരിക്കുന്നത്.

ഹൈക്കോടതിയുടെ നടപടി ശരിയായില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം അയച്ച ഉത്തരവും ചൂണ്ടിക്കാട്ടിയിരുന്നു. തുഷാരയും നന്ദകുമാറും പ്രായപൂര്‍ത്തിയായവരാണെന്നും, വിവാഹം കഴിച്ചില്ലെങ്കിലും ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഇത് നിയമപ്രകാരം അനുവദനീയമാണെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more