കോണ്‍ഗ്രസില്‍ വീണ്ടും രാജി; ഇന്ന് രാജിവെച്ചത് എ.ഐ.സി.സി സെക്രട്ടറി
national news
കോണ്‍ഗ്രസില്‍ വീണ്ടും രാജി; ഇന്ന് രാജിവെച്ചത് എ.ഐ.സി.സി സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2019, 12:06 am

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ കൂട്ടരാജിക്ക് അവസാനമില്ല. ദല്‍ഹി കോണ്‍ഗ്രസ് കോ-ഇന്‍ ചാര്‍ജും എ.ഐ.സി.സി സെക്രട്ടറിയുമായ കുല്‍ജിത് സിങ് നഗ്രയാണ് ഏറ്റവും പുതുതായി പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചിരിക്കുന്നത്.

രാജിക്കത്ത് രാഹുല്‍ ഗാന്ധിക്കാണ് അദ്ദേഹം അയച്ചിരിക്കുന്നത്. അധ്യക്ഷസ്ഥാനത്തു നിന്നു രാജിവെച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിക്കുന്നതുവരെ രാഹുല്‍ തന്നെയാണ് ആ സ്ഥാനത്തെന്നതു കൊണ്ടാണിത്.

രാഹുലിന്റെ രാജി തീരുമാനം വ്യക്തിപരമായി തന്നെ ബാധിച്ചെന്ന് രാജിക്കത്തില്‍ അദ്ദേഹം പറയുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും മുംബൈ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മിലിന്ദ് ദിയോറയും ഇന്നലെ രാജിവെച്ചിരുന്നു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് മിലിന്ദ് ദിയോറ രാജിവെച്ചതെന്ന് വ്യക്തമാക്കിയിരുന്നു. രാജി വക്കുന്ന കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയും കെ.സി വേണുഗോപാലിനെയും അറിയിച്ചതായും മിലിന്ദ് വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ.