ന്യൂദല്‍ഹി: ശൈശവ വിവാഹ നിരോധന നിയമത്തിനുമേല്‍ വ്യക്തിനിയമങ്ങളോ പാരമ്പര്യങ്ങളോ നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. ശൈശവ വിവാഹം കുട്ടികളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളനുസരിച്ച് ശൈശവ വിവാഹ നിയമവുമായി വ്യക്തി നിയമങ്ങളെ ബന്ധിപ്പിക്കേണ്ടെന്നാണ് കോടതിയുടെ നിര്‍ദേശം.
രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്നും നിയമം പ്രാവര്‍ത്തികമാകുന്നില്ലെന്നും കാണിച്ച് സുപ്രീം കോടതിക്ക് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
ഓരോ സമുദായങ്ങളിലും നിയമത്തിന്റെയും ആചാരത്തിന്റെയും കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ നിയമങ്ങള്‍ പ്രാവര്‍ത്തികമാവുകയുള്ളൂ എന്നും എല്ലാ മേഖലകളിലും ഇക്കാര്യത്തില്‍ ഏകോപനം ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും പ്രാവര്‍ത്തികമായി പാലിക്കുന്നതിനും നിയമപാലകരായ ഉദ്യോഗസ്ഥരുടെ പങ്കും ആവശ്യമാണെന്ന് പറഞ്ഞ കോടതി ശൈശവ വിവാഹം തടയുന്നതിലും പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിലും പൊലീസിന്റെ ശ്രദ്ധ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.
അതേസമയം ശൈശവ വിവാഹ നിരോധന നിയമത്തില്‍ ചില അപാകതകളുണ്ടെന്നും ഇത്തരം വിവാഹങ്ങളുടെ സാധുതയെ കുറിച്ച് നിയമം ഒന്നും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യക്തി നിയമങ്ങള്‍ക്ക് ശൈശവവിവാഹനിയമത്തിന് മേല്‍ പ്രാധാന്യം നല്‍കുന്നതിനായുള്ള നിയമം ഭേദഗതി ചെയ്യുന്നതിനായുള്ള ബില്‍ പാര്‍ലമെന്ററി സമിതിയുടെ പരിതിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Personal rules do not prevail over child marriage law: Supreme Court