മോദിജീ, ആയുധങ്ങളില്ലാതെ യുദ്ധമുഖത്തേക്ക് പോരാളികളെ അയക്കരുത്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്‌കും സ്യൂട്ടും നല്‍കാനാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് പരാതി പ്രവാഹം
COVID-19
മോദിജീ, ആയുധങ്ങളില്ലാതെ യുദ്ധമുഖത്തേക്ക് പോരാളികളെ അയക്കരുത്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്‌കും സ്യൂട്ടും നല്‍കാനാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് പരാതി പ്രവാഹം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2020, 1:54 pm

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 പടരുന്നതിനിടെ ആവശ്യത്തിന് മുന്‍കരുതലുകളില്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍. രോഗപ്രതിരോധത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്കായി എന്‍ 95 മാസ്‌കുകളോ സ്യൂട്ടുകളോ ഇല്ലെന്നാണ് പരാതി.

ഇത് സംബന്ധിച്ച പരാതിയുമായി ഡോക്ടര്‍മാരടക്കമുള്ളവര്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിറില്‍
#PersonalProtectiveEquipment എന്ന പേരില്‍ ക്യാംപെയ്‌നും തുടങ്ങിയിട്ടുണ്ട്.

പലരും പ്ലാസ്റ്റിക് കവറുകള്‍കൊണ്ട് മുഖം മറച്ചാണ് ജോലി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഫോട്ടോകളടക്കം ട്വിറ്റര്‍ ഉപയോക്താക്കള്‍ പങ്കുവെക്കുന്നുണ്ട്. ലോകമഹായുദ്ധത്തിന്റെ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും യുദ്ധമുഖത്തേക്ക് പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ ആയുധമില്ലാതെയാണോ പറഞ്ഞയക്കുന്നതെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.

പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് എല്ലാവരും ട്വീറ്റ് ചെയ്യുന്നത്.

ആരോഗ്യ രംഗത്ത് പ്രവൃത്തിക്കുന്നവര്‍ക്ക് സുരക്ഷയ്ക്ക് ഉപകരണങ്ങള്‍ ഇല്ലെന്നും നഴ്‌സുമാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ പറയാന്‍ പറ്റില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു.

രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കാവശ്യമായ പേഴ്സണല്‍ പ്രൊട്ടക്ട്ടീവ് എക്യൂപ്മെന്റിന് വലിയ ദൗര്‍ലഭ്യമാണ് ഇന്ത്യയിലുള്ളത്.

ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ വരാത്തത് മൂലം എത്തരത്തിലുള്ള പ്രൊട്ടക്ടീവ് എക്യുപ്മെന്റുകളാണ് നിര്‍മ്മിക്കേണ്ടത് എന്നറിയാത്ത അവസ്ഥയിലാണ് നിര്‍മ്മാണ കമ്പനികളെന്നാണ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫെബ്രുവരി 12ന് തന്നെ പ്രൊട്ടക്ടീവ് എക്യുപ്മെന്റുകളുടെ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചിരുന്നെന്നും ഒരു മാസം കഴിഞ്ഞിട്ടും ഇതിന് മറുപടിയൊന്നും വന്നില്ലെന്നും പ്രൊട്ടക്ഷന്‍ വേയര്‍ മാനുഫാക്ട്ച്ച്വേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. സഞ്ജീവ് പറയുന്നു.

കൊവിഡ്-19 ഗുരുതരമാകുന്ന രോഗികളെ രക്ഷിക്കണമെങ്കില്‍ ഐ.സി.യുവും വെന്റിലേറ്ററടക്കമുള്ള സൗകര്യങ്ങള്‍ അനിവാര്യമാണ്. അത്തരം സൗകര്യങ്ങളിലും ഇന്ത്യ ഏറെ പുറകിലാണ്. ഡോക്ടര്‍മാര്‍ ഇത് സംബന്ധിച്ച ആശങ്കളും ഉയര്‍ത്തുന്നുണ്ട്.

‘ ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ 90 ശതമാനം വെന്റിലേറ്ററുകളും ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കുകയാണ്. ഇതില്‍ ഒരു കൊവിഡ്-19 കേസ് പോലുമില്ല, ഇനി കൊവിഡ് വ്യാപകമായി പടര്‍ന്നുപിടിച്ചാല്‍ നമ്മുടെ ആരോഗ്യമേഖല എങ്ങിനെയായിരിക്കും അതിന് നേരിടുകയെന്ന് ഒന്നു ചിന്തിച്ചുനോക്കൂ’ ട്വിറ്ററില്‍ ഒരു ഡോക്ടര്‍ പറഞ്ഞതാണിത്.

വെന്റിലേറ്ററുകളും വാര്‍ഡുകളും പോലെ പെട്ടെന്ന് കെട്ടിപ്പൊക്കാന്‍ കഴിയുന്നവരല്ല ഡോക്ടറും നഴ്സുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് രാജ്യത്ത് രക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് എല്ലാവരും ഒരുപോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

കോളേജും സ്‌കൂളും അടച്ചിട്ടും പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചും ജനതാ കര്‍ഫ്യൂം നടത്തുന്നതിനൊപ്പം തന്നെ ആരോഗ്യമേഖല സുസജ്ജമാക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും കൂടി തയ്യാറായാലെ കൊവിഡിന് തടയിടാന്‍ സാധിക്കൂ.

WATCH THIS VIDEO: