| Thursday, 15th August 2024, 11:29 am

മനോരഥങ്ങള്‍; ശ്യാമപ്രസാദിലൂടെ കാണുന്ന 'കാഴ്ച'

വി. ജസ്‌ന

ഒരു സ്ത്രീ അവളുടെ ജീവിതത്തില്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുമ്പോള്‍ മുന്നില്‍ ഒരുപാട് തടസങ്ങള്‍ നേരിടാന്‍ ഉണ്ടാകും. പണ്ടു മുതല്‍ ഇന്ന് വരെ അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. 90കളുടെ അവസാനത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടിയാണ് സുധ. കേരളത്തില്‍ ജനിച്ച് വളര്‍ന്ന അവള്‍ കല്യാണ ശേഷം തന്റെ പങ്കാളിയോടൊപ്പം മദ്രാസിലാണ് താമസിക്കുന്നത്.

അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഒടുവില്‍ ആ ബന്ധം വേണ്ടെന്ന് വെക്കാന്‍ സുധ തീരുമാനിക്കുകയാണ്. അവിടെ അവള്‍ക്ക് താക്കീതുമായി ഒരുപാടാളുകള്‍ എത്തുന്നുണ്ട്. അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തില്‍ നിന്നുമൊക്കെ അവള്‍ക്ക് എതിര്‍പ്പ് മാത്രമാണ് നേരിടേണ്ടി വരുന്നത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ബന്ധുക്കളില്‍ ഒരാളില്‍ നിന്ന് സുധക്ക് പിന്തുണ ലഭിക്കുകയാണ്. അതോടെ തന്റെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള ധൈര്യവും അവള്‍ക്ക് ലഭിക്കുകയാണ്.

എം.ടിയുടെ എഴുത്തില്‍ പിറന്നവളാണ് സുധ. അതേ സുധയെ ശ്യാമപ്രസാദിന്റെ സംവിധാനത്തിലൂടെ നമുക്ക് മുന്നില്‍ എത്തിക്കുകയാണ് ‘മനോരഥങ്ങള്‍’. എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ആന്തോളജി സീരീസാണ് ‘മനോരഥങ്ങള്‍’. ഇതില്‍ സ്ത്രീ കേന്ദ്രീകൃതമായി എത്തിയ ചിത്രമാണ് കാഴ്ച.

പാട്ടുകളെ ഒരുപാട് ഇഷ്ടപെടുന്ന സുധ എന്ന സ്ത്രീയുടെ ജീവിതമാണ് കാഴ്ച പറയുന്നത്. ചെറുപ്പം മുതല്‍ക്കേ പാട്ടിനോട് പ്രണയമുള്ളവള്‍ കൂടെയാണ് അവള്‍. എന്നാല്‍ സുധയുടെ പങ്കാളിക്ക് പാട്ടിനോടോ അവളുടെ ഇഷ്ടങ്ങളോടൊ താത്പര്യമില്ല. ഇതിനിടയില്‍ അവളുടെ അതേ ഇഷ്ടങ്ങളുള്ള ഒരാള്‍ സുധയുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ്.

മറ്റുള്ളവരുടെ ഇഷ്ടത്തിന് വേണ്ടി ജീവിക്കരുതെന്ന് പറയുന്ന അയാള് തന്നെ അവളോട് ദാമ്പത്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വൈകാരികമാകരുതെന്ന് പറയുന്നുണ്ട്. എങ്കിലും അവള്‍ക്ക് തന്റെ സന്തോഷങ്ങള്‍ പങ്കുവെക്കാന്‍ നേരം അയാള്‍ ഒരു ഫോണ്‍ കോളിന് അപ്പുറത്ത് എത്തുന്നുമുണ്ട്.

ചുറ്റുമുള്ളവര്‍ കുത്തുവാക്കുകള്‍ കൊണ്ട് സമീപിക്കുമ്പോഴും തന്റെ കാണാതായ പാട്ടുപുസ്തകം കണ്ടെത്തുമ്പോള്‍ സുധ ഏറെ സന്തോഷിക്കുന്നുണ്ട്. വീട്ടില്‍ എത്തുന്ന കാട്ടുകോഴിയെയും കുട്ടികളെയും മതിമറന്ന് നോക്കി നില്‍ക്കുന്നുമുണ്ട്. കാഴ്ചയില്‍ സുധയായി എത്തിയത് പാര്‍വതി തിരുവോത്താണ്.

തന്റെ അടക്കമുള്ള അഭിനയത്തിലൂടെ സുധയെ വളരെ ഭംഗിയായി ചെയ്യാന്‍ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. 90കളില്‍ ജീവിക്കുന്ന സുധയെ വളരെ മനോഹരമായി പാര്‍വതിയിലൂടെ കാണാനായി. പാര്‍വതിക്ക് പുറമെ കാഴ്ചയില്‍ നരേനും ഹരീഷ് ഉത്തമനും പ്രധാനവേഷങ്ങളില്‍ എത്തിയിട്ടുണ്ട്. അവരുടെ അഭിനയവും ഏറെ മികച്ചത് തന്നെയായിരുന്നു.

സുധയുടെ നാട്ടിലെ തറവാടും അമ്പലവും വയലുകളുമൊക്കെ വളരെ മനോഹരമായി തന്നെ ശ്യാമപ്രസാദ് ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ പാട്ടുകളും ബി.ജി.എമ്മുമൊക്കെ അതിനോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയായിരുന്നു. സുധയുടെ ജീവിതം അവള്‍ക്ക് ചുറ്റുമുള്ള കാഴ്ചകളിലൂടെ നമുക്ക് മുന്നില്‍ എത്തിക്കാന്‍ ശ്യാമപ്രസാദിന് ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്.

Content Highlight: Personal Opinion Of  Shyamaprasad’s Kazhcha In Manorathangal

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more