| Thursday, 27th June 2024, 6:17 pm

പുതിയ സിനിമാ പ്രപഞ്ചം തുറന്ന് കല്‍ക്കി

അമര്‍നാഥ് എം.

പുരാണത്തെ അടിസ്ഥാനമാക്കിയും സയന്‍സ് ഫിക്ഷനെ അടിസ്ഥാനമാക്കിയും സിനിമയെടുക്കുമ്പോള്‍ ഏറ്റവുമധികം റിസ്‌കുള്ള ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഈ രണ്ട് ഴോണറിനെയും ഒരുമിപ്പിച്ച് ഒരു സിനിമയെടുക്കുക എന്നത് ഹിമാലയന്‍ പ്രയത്‌നമാണ്. നാഗ് അശ്വിന്‍ എന്ന സംവിധായകന്‍ അതില്‍ വിജയിച്ചിട്ടുണ്ട് എന്ന് വേണം ആദ്യം പറയാന്‍. പ്രേക്ഷകര്‍ക്ക് അത്തരത്തില്‍ ഒരു കഥ കണക്ട് ആക്കിയെടുക്കു എന്ന കാര്യത്തിലും അശ്വിന്‍ എന്ന സംവിധായകന്‍ വിജയം കണ്ടു.

മഹാഭാരത യുദ്ധത്തിനൊടുവില്‍ അശ്വത്ഥാമാവിനെ ശപിക്കുന്ന കൃഷ്ണനിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ‘അടുത്ത യുഗത്തില്‍ ഗംഗയിലെ അവസാനതുള്ളി വെള്ളവും വറ്റുന്ന സമയത്ത് ഞാന്‍ അവതാരമെടുക്കുമ്പോള്‍ എന്നെ സംരക്ഷിക്കുക എന്നതാണ് നിന്റെ കടമ’ എന്നാണ് കൃഷ്ണന്‍ ശപിക്കുന്നത്. അതിന് ശേഷം സംവിധായകന്‍ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് പുതിയൊരു സിനിമാലോകത്തേക്കാണ്. പുരാണവും സയന്‍സും ഭാവിയും ചേര്‍ന്നൊരു ലോകം. മൂന്ന് മണിക്കൂര്‍ നേരം കാണികളെ ആ ലോകത്തില്‍ തളച്ചിടാന്‍ സിനിമക്ക് കഴിഞ്ഞു.

200 കോടി, 300 കോടി എന്നിങ്ങനെ വലിയ ബജറ്റില്‍ വരുന്ന സിനിമകള്‍ക്ക് പലപ്പോഴും 50 കോടിയുടെ മൂല്യം പോലും ഉണ്ടാകാറില്ല. അവിടെയാണ് കല്‍ക്കി വ്യത്യസ്തമാകുന്നത്. 600 കോടി ബജറ്റ് സിനിമ എന്നതിന്റെ എല്ലാ പ്രൗഢിയും കല്‍ക്കിക്കുണ്ട്. 2898 എന്ന കാലഘട്ടത്തെ നിര്‍മിച്ചതിലും വി.എഫ്.എക്‌സിന്റെ കാര്യത്തിലും പ്രൊഡക്ഷന്‍ ടീം യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. സിനിമയുടെ ആദ്യാവസാനം ആ ലോകത്തിന്റെ മുഴുവന്‍ അവസ്ഥയും വരച്ചുകാട്ടാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

അഭിനേതാക്കളുടെ പെര്‍ഫോമന്‍സിലേക്ക് വന്നാല്‍ നായകനായ പ്രഭാസിനെപ്പോലും നിഷ്പ്രഭമാക്കിയ കഥാപാത്രമായിരുന്നു അമിതാഭ് ബച്ചന്റെ അശ്വത്ഥാമാ. 81ാം വയസിലും തന്റെ സ്‌ക്രീന്‍ പ്രസന്‍സും എനര്‍ജറ്റിക് പെര്‍ഫോമന്‍സും കൊണ്ട് നിറഞ്ഞു നില്‍ക്കുന്നുണ്ട് ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷാ. പ്രഭാസുമായുള്ള ഫേസ് ഓഫ് സീനിലെല്ലാം മുന്നിട്ട് നിന്നത് ബച്ചനായിരുന്നു.

ബാഹുബലിക്ക് ശേഷം എടുത്തു പറയാന്‍ നല്ലൊരു സിനിമയില്ലാതിരുന്ന പ്രഭാസിന്റെ ഗംഭീര തിരിച്ചുവരവാണ് കല്‍ക്കി. ഇന്‍ട്രോ സീനും അതിനോടൊപ്പമുള്ള ഫൈറ്റും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക തന്നിട്ടുണ്ട്. ബച്ചന്‍ വന്നതിന് ശേഷം സൈഡാകുന്നുണ്ടെങ്കിലും ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ പ്രഭാസ് കാട്ടുതീയായി പടരുന്നുണ്ട്. കരിയറില്‍ ഡൗണായി നില്‍ക്കുന്ന സമയത്ത് തിരിച്ചുവരാന്‍ ഇതിലും നല്ല സിനിമ പ്രഭാസിന് വേറെ കിട്ടാനില്ല.

വെറും 20 മിനിറ്റ് മാത്രം സ്‌ക്രീനില്‍ വന്ന കമല്‍ ഹാസനാണ് സിനിമയിലെ അടുത്ത താരം. അലറിക്കൊണ്ടുള്ള ഡയലോഗുകളോ അധികം വയലന്‍സോ ഇല്ലാതെ വിറച്ചുകൊണ്ടുള്ള ശബ്ദത്തില്‍ കമല്‍ പറയുന്ന ഡയലോഗിലൂടെ തന്റെ കഥാപാത്രം എത്രമാത്രം പവര്‍ഫുള്ളാണെന്ന് പ്രേക്ഷകരോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ ഇതിനെക്കാള്‍ ഡോസ് കൂടിയ വില്ലത്തരത്തിനാകും ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കുക.

സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളാണ് ഞെട്ടിച്ചുകളഞ്ഞ മറ്റൊരു പോസിറ്റീവ്. ഈയടുത്ത് ഒരു ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രത്തില്‍ ഇത്രയധികം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ വന്നിട്ടില്ല. അതില്‍ രണ്ടുപേര്‍ മലയാളി താരങ്ങളാണെന്നത് കുറച്ചുകൂടി അഭിമാനിക്കാനുള്ള വക നല്‍കുന്നു. ആദ്യ തെലുങ്ക് ചിത്രത്തില്‍ തന്നെ ഇതിലും മികച്ച വേഷം അന്നാ ബെന്നിന് കിട്ടാനില്ല. കൈറാ എന്ന കഥാപാത്രത്തിന് കിട്ടിയ കൈയടികള്‍ അതിനുള്ള തെളിവാണ്.

ശോഭന എന്ന നടിയുടെ കരിയറിലെ മികച്ച അഞ്ച് കഥാപാത്രങ്ങളുടെ പട്ടികയിലേക്ക് കല്‍ക്കിയിലെ മറിയവും ഉണ്ടാകും. പ്രാര്‍ത്ഥനയും ജപവും മാത്രമായി കഴിയുന്ന കഥാപാത്രമാണ് ശോഭനയുടേതെന്ന് വിചാരിച്ചിരിക്കുമ്പോള്‍ ഞെട്ടിക്കുന്ന ഒരു സീനുണ്ട്. ആരായാലും കൈയടിച്ച് പോകും. ദീപിക പദുകോണ്‍ അവതരിപ്പിച്ച സുമതിയും വളരെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു. ആകെ കല്ലുകടിയായി തോന്നിയത് ദിശാ പഠാനിയുടെ റോക്‌സി എന്ന കഥാപാത്രമാണ്.

ഇഷ്ടം പോലെ കാമിയോ റോളുകള്‍ കൊണ്ട് സമ്പന്നമാണ് കല്‍ക്കി. ആദ്യപകുതിയില്‍ ഓരോരുത്തരെയും കണ്ട് ഞെട്ടിയിരുന്നുപോയി. അക്കൂട്ടത്തില്‍ മലയാളത്തിന്റെ ദുല്‍ഖറുമുണ്ട്. അഞ്ച് മിനിറ്റ് മാത്രമാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലുള്ളത്. മൃണാല്‍ താക്കൂര്‍, വിജയ് ദേവരകൊണ്ട എന്നീ അഭിനേതാക്കള്‍ ചെറിയ വേഷങ്ങള്‍ ചെയ്തപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസ സംവിധായകരുടെ ഗസ്റ്റ് റോള്‍ തിയേറ്റര്‍ കുലുക്കി.

വരാനിരിക്കുന്ന വലിയൊരു യുദ്ധത്തിന് മുന്നേയുള്ള ഒരു ആമുഖം മാത്രമാണ് കല്‍ക്കി. പുരാണത്തിലെ ഓരോ കഥാപാത്രത്തെയും ആധുനിക കാലത്തേക്ക് പ്ലെയ്‌സ് ചെയ്ത സിനിമയില്‍ ഇനിയും ആരെല്ലാം വരും, യുദ്ധത്തില്‍ ആര് ജയിക്കും എന്നുള്ളത് അടുത്ത ഭാഗത്തില്‍ വ്യക്തമാകും. ഗംഭീര മേക്കിങ് കൊണ്ട് ഈ വര്‍ഷത്തെ മികച്ച സിനിമാനുഭവങ്ങളിലൊന്നായി മാറാന്‍ കല്‍ക്കിക്ക് സാധിച്ചു.

Content Highlight: Personal opinion of Kalki 2898 AD

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more