ന്യൂദല്‍ഹി: എല്ലാ കേസുകളിലും അറസ്റ്റ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ഏഴ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
നിയമപരമായി നിലനില്‍ക്കുന്നതുകൊണ്ടു മാത്രം ഒരു കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഋഷികേശ് റോയി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
‘പ്രതി ഒളിവില്‍ പോവുമെന്നോ സമന്‍സ് ലംഘിക്കുമെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു തോന്നാത്ത കേസുകളില്‍ അറസ്റ്റ് അനിവാര്യമല്ല. വ്യക്തിസ്വാതന്ത്ര്യത്തിന് ഭരണഘടന പരമ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്,’ സുപ്രീംകോടതി വ്യക്തമാക്കി.
എല്ലാ കേസിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിലൂടെ വ്യക്തികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും നികത്താനാകാത്ത കളങ്കമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായി വരുമ്പോള്‍, കുറ്റകൃത്യം ഹീനസ്വഭാവത്തിലുള്ളതാവുമ്പോള്‍, സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുള്ളപ്പോള്‍, പ്രതി ഒളിവില്‍ പോവാനിടയുള്ളപ്പോള്‍ എന്നീ സാഹചര്യങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തേണ്ടതുള്ളൂവെന്നും കോടതി പറഞ്ഞു.
അറസ്റ്റ് ഏതെല്ലാം സാഹചര്യത്തില്‍ വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് പലപ്പോഴും കീഴ്‌ക്കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി വിലയിരുത്തി. ക്രിമിനല്‍ നടപടിച്ചട്ടം 170 അനുസരിച്ച് കുറ്റപത്രം പരിഗണിക്കുന്നതിന് അറസ്റ്റ് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് കീഴ്‌ക്കോടതികള്‍ നിര്‍ദേശിക്കുന്ന സാഹചര്യമുണ്ട്.
സി.ആര്‍.പി.സി 170ാം വകുപ്പിലെ കസ്റ്റഡി എന്ന വാക്ക് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കണം എന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് സുപ്രീംകോടതി വിശദീകരിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Personal liberty important part of constitutional mandate, routine arrests can cause harm Supreme Court