മുന്‍ കേന്ദ്രമന്ത്രിയും മണിപ്പുര്‍ ഗവര്‍ണറുമായ നജ്മ ഹെപ്തുള്ള, സി.പി.ഐ.എം. പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ എം.പി.യുമായ സുഭാഷിണി അലി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി എന്നിവരാണ് മുത്വലാഖിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.
ന്യൂദല്‍ഹി: ദേശീയതലത്തില്‍ ഏകീകൃത സിവില്‍ കോഡ്, മുത്വലാഖ് വിഷയങ്ങള്‍ ചര്‍ച്ചയായിരിക്കെ മുത്വലാഖിന് എതിര്‍പ്പുമായി വനിതാ നേതാക്കള്‍ രംഗത്ത്.
മുന്‍ കേന്ദ്രമന്ത്രിയും മണിപ്പുര്‍ ഗവര്‍ണറുമായ നജ്മ ഹെപ്തുള്ള, സി.പി.ഐ.എം. പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ എം.പി.യുമായ സുഭാഷിണി അലി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി എന്നിവരാണ് മുത്വലാഖിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.
മൂന്നുപ്രാവശ്യം ത്വലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ഇസ്‌ലാമിനു നിരക്കാത്തതും മതത്തിന് ചീത്തപ്പേരുണ്ടാക്കുന്നതുമാണെന്ന് നജ്മ ഹെപ്തുള്ള അഭിപ്രായപ്പെട്ടു. മനുഷ്യരോട് അനീതി കാട്ടുന്നവര്‍ ശരിയായ രീതിയില്‍ മതവിശ്വാസം അനുഷ്ഠിക്കാത്തവരാണെന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിനെ ദുരുപയോഗം ചെയ്യുകയും സ്ത്രീകളോട് വിവേചനത്തോടെ പെരുമാറുകയും ചെയ്യുന്നത് തെറ്റാണ്. ക്രൂരതയും അനീതിയും നടന്നാല്‍ സ്ത്രീകള്‍ക്കും വിവാഹമോചനം തേടാന്‍ അവകാശമുണ്ടാവണം നജ്മാ ഹെപ്തുള്ള ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ വിദഗ്ധയല്ലെങ്കിലും സാമാന്യനീതിക്ക് നിരക്കാത്തതാണ് മുത്വലാഖ് എന്ന് സുഭാഷിണി അലി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്‌ലിം മതപണ്ഡിതര്‍ നിലപാട് തിരുത്തണമെന്നും സുഭാഷിണി അലി ആവശ്യപ്പെട്ടു.
ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം പുരുഷന്‍മാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതും ലിംഗപരമായ വിവേചനവുമാണെന്നും സുഭാഷിണി അലി ചൂണ്ടിക്കാട്ടി. വിവാഹമോചനവിഷയത്തില്‍ സ്ത്രീകള്‍ക്കും തുല്യ അവകാശമുണ്ടാവണം. പുരുഷന്‍മാര്‍ക്കുമാത്രം ഏകപക്ഷീയ അവകാശം ഇക്കാര്യത്തില്‍ നല്‍കുന്നത് തെറ്റാണെന്ന് അഭിപ്രായപ്പെട്ട അവര്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തോട് യോജിക്കുന്നതായും വ്യക്തമാക്കി.
ഒറ്റയടിക്കുള്ള ത്വലാഖ് ചൊല്ലല്‍ ഇസ്‌ലാമില്‍ ഇല്ലാത്തതാണെന്നും മുത്തലാഖ് അവസാനിപ്പിക്കണമെന്നും ശബ്‌നം ഹാഷ്മി പറഞ്ഞു. സ്ത്രീപുരുഷ അസമത്വം ഒരു മതവും മുന്നോട്ടുവെക്കുന്നില്ല. പരിഷ്‌കൃതസമൂഹത്തില്‍ ഒരിടത്തും ഇതുപോലുള്ള സമ്പ്രദായം നിലവിലില്ലെന്നും അവര്‍ വ്യക്തമാക്കി.