ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതുമായുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ജെയ്റ്റ്‌ലി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ന്യൂദല്‍ഹി: വ്യക്തി നിയമം ഭരണഘടാന അനുസൃതമായിട്ടുള്ളതും ലിംഗസമത്വം പാലിക്കുന്നതും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതുമായിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതുമായുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ജെയ്റ്റ്‌ലി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തെയും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെയും മാനദണ്ഡമാക്കിയാകും മുന്നുതവണ ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതിനെയും സമീപിക്കുക. ഇതുതന്നെയാകും എല്ലാ വ്യക്തിനിയമങ്ങള്‍ക്കും ബാധകമാക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഒരോ സമുദായത്തിനും പ്രത്യേകമായുള്ള വ്യക്തിനിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാകണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മതപരമായ ആചാരങ്ങളും അനുഷ്ഠനങ്ങളും വ്യക്തിയുടെ അവകാശങ്ങളും തമ്മില്‍ മൗലികമായ വ്യത്യാസമുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
മുന്‍സര്‍ക്കാരുകള്‍ക്ക് മൗലികാവകാശങ്ങളും വ്യക്തി നിയമവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഈ സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടുകളുണ്ടെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ഭരണഘടന വിഭാവനം ചെയ്യുന്ന ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഏകീകൃത സിവില്‍ കോഡ് സാധ്യമാണോ എന്നതിനേക്കാള്‍ പ്രസക്തമായ വിഷയം വിവിധ മത വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണമാണ്. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കുന്ന വ്യക്തിനിയമ പരിഷ്‌ക്കാരണങ്ങള്‍ അനിവാര്യമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.