| Monday, 8th April 2024, 8:52 pm

ഉപയോക്താക്കളെ മുക്കി ബോട്ട്; 75 ലക്ഷത്തിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 75 ലക്ഷത്തിലധികം ബോട്ട് (boAt) ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബിലൂടെ ചോര്‍ന്ന വിവരങ്ങള്‍ വില്‍ക്കപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷോപ്പിഫൈഗയ് എന്ന് പേരുള്ള ഹാക്കറാണ് വിവര ചോര്‍ച്ചയ്ക്ക് പിന്നില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഫോബ്സ് ഇന്ത്യയാണ്.

ഉപയോക്താക്കളുടെ പേര്, മേല്‍വിലാസം, ഇമെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍, കസ്റ്റമര്‍ ഐ.ഡി തുടങ്ങിയ വിവരങ്ങളാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വിവര ചോര്‍ച്ചയില്‍ ബോട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവര ചോര്‍ച്ചയെ സാധൂകരിക്കുന്ന തെളിവുകള്‍ ഷോപ്പിഫൈഗയ് പുറത്തുവിട്ടിട്ടുണ്ടെന്നും ഫോബ്സ് ഇന്ത്യ ചൂണ്ടിക്കാട്ടി. ചോര്‍ന്ന വിവരങ്ങള്‍ ഏകദേശം രണ്ട് ജി.ബിയോളം വരുമെന്നും ഡാറ്റ ഒന്നിന് 180 രൂപ മൂല്യം നല്‍കി വില്‍ക്കാന്‍ ഹാക്കര്‍ തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പുറമെ, ബോട്ടിന്റെ ഉപഭോക്തൃ വിശ്വാസം, നിയമപരമായ പ്രത്യാഘാതങ്ങള്‍, പ്രശസ്തി എന്നിവയെ ഡാറ്റാ ചോര്‍ച്ച ബാധിക്കുമെന്ന് വിദഗ്ധര്‍ പ്രതികരിച്ചു.

അതേസമയം ഷോപ്പിഫൈഗയ് പ്രൊഫൈല്‍ പുതിയതാണെന്നും ഡാറ്റ ചോര്‍ത്തിയതോടെ ഫോറം കമ്മ്യൂണിറ്റിയില്‍ ഹാക്കര്‍ക്ക് പ്രശസ്തി സമ്പാദിക്കാന്‍ സാധിക്കുമെന്നും നെറ്റ്എന്റിച്ചിലെ സീനിയര്‍ ത്രെട്ട് അനലിസ്റ്റായ രാകേഷ് കൃഷ്ണന്‍ പറഞ്ഞു. ഒരു മാസം മുമ്പായിരിക്കാം ബോട്ട് ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് ഹാക്കര്‍മാര്‍ക്ക് ആക്‌സസ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Personal information of more than 75 lakh boAt users has reportedly been leaked

We use cookies to give you the best possible experience. Learn more