ന്യൂദല്‍ഹി: ട്രായ് ചെയര്‍മാന്റെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത് ആധാര്‍ ഡാറ്റാബേസില്‍ നിന്നുമല്ലെന്ന് യു.ഐ.ഡി.എ.ഐ. ആധാര്‍ ഡാറ്റാബേസ് സുരക്ഷിതമാണെന്നും ആധാര്‍ പദ്ധതിയെത്തന്നെ കരിവാരിത്തേക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നുമാണ് അതോറിറ്റി ട്വിറ്റര്‍ കുറിപ്പു വഴി അഭിപ്രായപ്പെട്ടിരിക്കുന്നത്. വ്യാജപ്രചാരണങ്ങള്‍ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.
കഴിഞ്ഞ ദിവസമാണ് ട്രായ് ചെയര്‍മാന്‍ ആര്‍. എസ്. ശര്‍മ സമൂഹമാധ്യമങ്ങള്‍ വഴി തന്റെ ആധാര്‍ നമ്പര്‍ പുറത്തുവിട്ടുകൊണ്ട് വെല്ലുവിളി നടത്തിയത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്നതിന് ഒരു തെളിവെങ്കിലും കൊണ്ടുവരാനായിരുന്നു ശര്‍മയുടെ വെല്ലുവിളി.
എന്നാല്‍, ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആര്‍.എസ് ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അഡ്രസ്സും പാന്‍നമ്പറും എയര്‍ ഇന്ത്യ ഫ്രീക്വന്റ് ഫ്ലൈയര്‍ നമ്പര്‍ വരെ ഹാക്കര്‍മാര്‍ പുറത്ത് കോണ്ടുവരികയായിരുന്നു. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടികള്‍ ഉണ്ടാക്കില്ല എന്ന് ഉറപ്പ് അദ്ദേഹത്തില്‍ നിന്നും വാങ്ങിയ ശേഷമായിരുന്നു ഹാക്കര്‍മാരുടെ നടപടി.
Also Read: വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ തനിക്ക് യാതൊരു ഭയവുമില്ല; പ്രധാനമന്ത്രി
ആധാര്‍ പദ്ധതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത നീക്കം അധികൃതരെ വെട്ടിലാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി യു.ഐ.ഡി.എ.ഐയും രംഗത്തെത്തിയിരിക്കുന്നത്. “ലോകത്തിലെ ഏറ്റവും വലിയ ഐഡന്റിറ്റി പ്രോജക്ടിനെ കരിവാരിത്തേക്കാനുള്ള ചില വ്യക്തികളുടെ ശ്രമങ്ങള്‍ അപലപനീയമാണ്. ആധാറിന് ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസ്യതയാണുള്ളത്. വ്യാജപ്രചരണങ്ങളാണ് നടക്കുന്നതെല്ലാം.” കുറിപ്പില്‍ യു.ഐ.ഡി.എ.ഐ പറയുന്നു.
“ആധാര്‍ ഡാറ്റാബേസ് പൂര്‍ണമായും സുരക്ഷിതമാണ്. കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കിടെ ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ആര്‍.എസ് ശര്‍മയെക്കുറിച്ച് ട്വിറ്ററില്‍ കുറിക്കപ്പെട്ടിട്ടുള്ള വിവരങ്ങളൊന്നും ആധാര്‍ ഡാറ്റാബേസില്‍ നിന്നോ യു.ഐ.ഡി.എ.ഐ സെര്‍വറുകളില്‍ നിന്നോ ശേഖരിക്കപ്പെട്ടിട്ടുള്ളതല്ല.” കുറിപ്പില്‍ പറയുന്നു.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട ശ്രീകൃഷ്ണസമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വളരെ എളുപ്പത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താമെന്ന് തെളിയുന്നത്.