| Monday, 11th June 2018, 5:28 pm

20 ദിവസം വീട്ടില്‍ പോലും പോകാതെ രാവും പകലും നിപാ രോഗികളെ പരിചരിച്ചു: മാതൃകയായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിപ ഭീതിയും ജനങ്ങള്‍ക്കിടയിലെ ആശങ്കകളും പടര്‍ന്ന സാഹചര്യത്തില്‍ രോഗത്തെ ചെറുക്കാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വന്ന ചില വ്യക്തികള്‍ സേവനത്തിന്റെ മാതൃകകളായിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനി സജീഷിന്റ മൃതദേഹം സംസ്‌കരിച്ച ശ്മശാനത്തിലെ ജീവനക്കാരനെ സമൂഹത്തില്‍ നിന്ന് മാനസികമായി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ രോഗത്തെ ചെറുക്കാന്‍ സ്വയം സന്നദ്ധരായെത്തിയ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരന്‍ രജീഷും രോഗബാധിതരുടെ മെഡിക്കല്‍ സാമ്പിളുകള്‍ പരിശോധിച്ച ലാബ് ജീവനക്കാരി അനുഷയും സേവനത്തിന്റെ പുതിയ മാതൃകകളാകുന്നത്.

നിപ വൈറസ് സ്ഥിരീകരണങ്ങള്‍ ഉണ്ടായതു മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്ക് വേണ്ട എല്ലാവിധ സഹായങ്ങളും എത്തിച്ചു നല്‍കിയ വ്യക്തിയാണ് രജീഷ്. രോഗം സ്ഥിരീകരിച്ച രോഗികള്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നത് രജീഷാണ്.

രജീഷ്

“ഇങ്ങനെയൊരു രോഗം നമ്മുടെ ഇടയില്‍ പടരുന്ന സാഹചര്യത്തില്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള ധൈര്യമാണ് വേണ്ടത്. വായുവിലൂടെയും മറ്റും പകരുന്ന രോഗമൊന്നുമല്ല നിപ. രോഗിയെ പരിശോധിക്കുമ്പോള്‍ നമ്മള്‍ കുറച്ച് കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ മതി” രജീഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


ALSO READ: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ലൈംഗികമായി അധിക്ഷേപിച്ചു; ആരോപണവുമായി ഹരിയാനയിലെ ഐ.എ.എസ് ഓഫീസറായ യുവതി


രോഗികള്‍ക്ക് വേണ്ട ഭക്ഷണങ്ങള്‍ എത്തിച്ചു കൊടുക്കാനും അവര്‍ക്ക് രോഗത്തെ പറ്റിയുള്ള ആശങ്കകള്‍ തീര്‍ക്കാനും താന്‍ കൂടെയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. അവര്‍ക്ക് കഴിക്കാന്‍ പറ്റുന്ന ആഹാരങ്ങളാണ് താന്‍ എത്തിച്ചുകൊടുത്തിരുന്നതെന്നും രജീഷ് പറയുന്നു.

24 മണിക്കൂറും സേവന സന്നദ്ധനായി മെഡിക്കല്‍ കോളേജ് നിപ വാര്‍ഡിനു മുന്നില്‍ താന്‍ ഉണ്ടായിരുന്നുവെന്നും വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് താന്‍ എത്തിയതെന്നും രജീഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. നിപ വാര്‍ഡില്‍ രോഗികളെ പരിചരിക്കാന്‍ കയറുമ്പോള്‍ മാത്രമേ താന്‍ മാസ്‌ക് ഉപയോഗിച്ചിരുന്നുള്ളു.

ഭീതികള്‍ എല്ലാം ഒഴിഞ്ഞ് വരുന്ന സാഹചര്യത്തില്‍ തന്റെ ആരോഗ്യനിലയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സമാന അനുഭവം തന്നെയാണ് രോഗികളുടെ അടുത്ത ബന്ധുക്കളുടെയടക്കം 85 ഓളം പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച കോഴിക്കോട്ടെ പ്രമുഖ ലാബ് ജീവനക്കാരിയായ അനുഷയ്ക്കും പറയാനുള്ളത്. “എന്തിനാണ് പേടിക്കുന്നത്. ഇതങ്ങനെ പകരുന്ന രോഗമല്ല. അതു മാത്രമല്ല ഇത് തന്റെ ജോലിയും സമൂഹത്തിനായുള്ള സേവനവും കൂടിയാണ്” എന്നാണ് അനുഷ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.


ALSO READ: റെഡ്മി വൈ 2 നാളെ ആമസോണില്‍ പുറത്തിറങ്ങും; ഫോണിന്റെ വിശേഷങ്ങളറിയാം


കുടുംബത്തില്‍ നിന്ന് യാതൊരു എതിര്‍പ്പും ഉണ്ടായിട്ടില്ല. സേവനം എന്ന നിലയ്ക്ക് തന്നെ എല്ലാവരും സഹകരിച്ചു. ആദ്യമൊന്നും ജനങ്ങളാരും പുറത്തിറങ്ങാനോ സംസാരിക്കാനോ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും എല്ലാവര്‍ക്കും ഇപ്പോള്‍ രോഗത്തിനെപ്പറ്റിയുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലായിത്തുടങ്ങിയെന്നും” അനുഷ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more