|

പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനം 50 ലക്ഷം വിമുക്ത ജവാന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി; പിഴവ് സമ്മതിച്ച് പ്രതിരോധമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനം 50 ലക്ഷം വിമുക്തഭടന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയതായി നിര്‍മലാ സീതാരാമന്‍. ഒരു ആര്‍.ടി.ഐക്കുള്ള മറുപടിയിലാണ് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ ഈ വെളിപ്പെടുത്തല്‍.

ആര്‍.ടി.ഐ ആക്ടിവിസ്റ്റും ഒരു വിമുക്തഭടനും കൂടിയായ റിട്ട. കമേഡൊര്‍ ലോകേഷ് ബാട്രയാണ് ആര്‍.ടി.ഐ ഫയല്‍ ചെയ്തത്. ഇദ്ദേഹം മുന്‍പ് നല്‍കിക്കൊണ്ടിരുന്ന വിവരാവകാശ അപേക്ഷ പ്രതിരോധ മന്ത്രാലയം അവഗണിച്ചിരുന്നു. മൂന്നു മാസം തുടര്‍ച്ചയായി ആര്‍.ടി.ഐ ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കാന്‍ തയാറായത്.

“ഭടന്‍മാരുടെ വ്യക്തിവിവരങ്ങളുടെയും ബയോമെട്രിക് ഡാറ്റയുടെയും സുരക്ഷക്കായി പുതിയ സ്ഥാപനവുമായുള്ള എം.ഒ.യുവില്‍ പറഞ്ഞിട്ടുള്ള നിബന്ധനകളെന്തൊക്കെയാണെന്നുള്ളതാണ് ആകുലപ്പെടേണ്ട മറ്റൊരു വിഷയം”, റിട്ട. കമേഡൊര്‍ ബാട്ര പറഞ്ഞു. സര്‍ക്കാരുമായി നിലവില്‍ ഇടപാടുകളൊന്നുമില്ലാത്ത ഒരു സ്വകാര്യ സ്ഥാപനം 50 ലക്ഷം വിമുക്തഭടന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുക എന്ന “അസാധാരണ സാഹചര്യമാണ്” നിലനില്‍ക്കുന്നതെന്നും നിയമമനുശാസിക്കുന്ന കടുത്ത നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

കേംബ്രിഡ്ജ് അനലിറ്റിക്ക അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ട്രംപിനെ തെരഞ്ഞെടുപ്പില്‍ സഹായിച്ചുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ അവര്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിലും ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ നമോ ആപ്പും വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നു വെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിമുക്ത ഭടന്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന നിര്‍മലാ സീതാരാമന്റെ വെളിപ്പെടുത്തല്‍.


Also Read:

‘ഇന്ത്യക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തോ’; കേംബ്രിഡ്ജ് അനലറ്റികയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കി

Latest Stories

Video Stories